കോഴിക്കോട് ചുംബന സമരം; അറിയില്ലെന്ന് പോലീസ്, തുണിയുരിയുമെന്ന് ഹനുമാന്‍സേന
കോഴിക്കോട്: കേരളത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഡിസംബര്‍ ഏഴിന് കോഴിക്കോട്ടേക്കാണ്. സദാചാര പോലീസിനെതിരെ ചര്‍ച്ചകളുടെ വിപ്ലവം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് ചുംബന കൂട്ടായ്മ കോഴിക്കോട് അരങ്ങേറുകയാണ്. ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ വച്ചായിരിക്കും കൂട്ടായ്മ.
കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്നാണ് കിസ്സ് ഓഫ് ലവ് എന്ന കൂട്ടായ്മ ഫേസ്ബുക്കില്‍ തുടങ്ങുന്നത്. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ചുംബന സമരം വലിയ ക്രമസമാധാന പ്രശ്‌നം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ കിസ്സ് ഓഫ് ലവിന്റെ തുടക്കത്തിന് കാരണമായ കോഴിക്കോട് തന്നെ സമരം എത്തുകയാണ്.

'കിസ്സ് ഓഫ് ലവ് 2.0 മലബാര്‍' എന്നാണ് പരിപാടിയുടെ പേര്. കിസ്സ് ഇന്‍ ദ സ്ട്രീറ്റ്‌സ് എന്ന പേരിലണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. കൊച്ചിയിലെ പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
പോലീസില്‍ നിന്ന് ഔദ്യോഗികമായി കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ അനുമതി തേടിയിട്ടില്ല. അതുകൊണ്ട് പോലീസിന് ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്‌പോലീസ് അറിയിച്ചിട്ടുണ്ട്.

ചുംബനക്കൂട്ടായ്മക്ക് എത്തുന്നവരുടെ നഗ്നത പ്രദര്‍ശനം നടത്തും എന്ന ഭീഷണിയുമായി ഹനുമാന്‍ സേന രംഗത്തുണ്ട്. എന്നാല്‍ ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച് വലിയ വിവരങ്ങളൊന്നും ഇല്ല. കൊച്ചിയില്‍ ചുംബന കൂട്ടായ്മ നടന്നപ്പോള്‍ ശിവസേന/ബജ്‌റംഗ്ദള്‍, എസ്ഡിപിഐ, കെഎസ് യു തുടങ്ങിയവരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ ചുംബന സമരം കോഴിക്കോടെത്തുമ്പോള്‍ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. കോഴിക്കോട്ടെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications