
ശ്രീറാം വെങ്കിട്ടരാമന് ആശ്വാസം; ഗുരുതര വകുപ്പ് ഒഴിവാക്കി... വിടുതല്‍ ഹര്‍ജി തള്ളി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ആശ്വാസം. മനഃപ്പൂര്‍വമുള്ള നരഹത്യാ കേസ് കോടതി ഒഴിവാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശ്രീറാമും രണ്ടാം പ്രതി വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. നരഹത്യാ വകുപ്പ് ഒഴിവാക്കിയതോടെ കേസ് ദുര്‍ബലമാകുമോ എന്ന ആശങ്ക കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത പങ്കുവച്ചു.
മനഃപ്പൂര്‍വമുള്ള നരഹത്യ 304-ബി എന്ന വകുപ്പായിരുന്നു ശ്രീറാം വെങ്കിട്ടരാമനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ഇത് കോടതി ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. ഇതോടെ സാധാരണ അപകട കേസിന്റെ രീതിയിലേക്ക് മാറുകയാണ്. വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള കേസാണ് ഇനി നിലനില്‍ക്കുക. കേസ് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. നവംബര്‍ 20ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം. അതേസമയം, മനഃപ്പൂര്‍വമുള്ള നരഹത്യാ വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് അപ്പീല്‍ പോകണമെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്.
വിലക്കാനുള്ള നീക്കം പാളി; മുഈന്‍ അലി തങ്ങള്‍ കോഴിക്കോട് വിമത യോഗത്തില്‍, ഒപ്പം പ്രമുഖരും
മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇനി ശ്രീറാമിനെതിരെ നിലനില്‍ക്കുന്നത്. വഫ ഫിറോസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസും. കേസില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെന്നും ഇതിന്റെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിധിയെന്നും കെയുഡബ്ല്യുജെ സെക്രട്ടറി കിരണ്‍ ബാബു പ്രതികരിച്ചു. ശ്രീറാം കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. മദ്യം കഴിച്ചതിനുള്ള തെളിവില്ലാതാക്കാന്‍ വൈകിയാണ് പരിശോധന നടത്തിയത് എന്നും കിരണ്‍ ബാബു പറഞ്ഞു.
തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് വിധി പറഞ്ഞത്. തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ വിട്ടയക്കണമെന്നുമാണ് ശ്രീറാം ആവശ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം സംഭവം നടന്ന ഉടന്‍ രക്ത സാമ്പിളെടത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ ആരോപണം. കേസില്‍ സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.