കൊച്ചി വിമാനത്താവളത്തിലേക്ക് ഭൂഗര്‍ഭപാതയിലൂടെ മെട്രോ; കേന്ദ്ര സഹായം തേടി കേരളം
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കൊച്ചി എയര്‍പോര്‍ട്ടിലേക്കും അങ്കമാലിയിലേക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. ആലുവ സ്റ്റേഷനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും മെട്രോ പാത ഉള്‍പ്പെടുന്ന പുതിയ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. ഈ പദ്ധതിക്ക് ധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി കെഎംആര്‍എല്‍ സ്ഥിരീകരിച്ചു.
വിമാനത്താവളത്തിനടുത്തുള്ള ഭൂഗര്‍ഭ ഭാഗം ഉള്‍പ്പെടുത്തിയാണ് മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് വിവരം. വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളെ അഞ്ച് കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയിലൂടെ ബന്ധിപ്പിക്കാനാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ പദ്ധതി രൂപരേഖ നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ തയ്യാറാക്കുന്നത്.

കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് കെഎംആര്‍എല്‍ വഹിക്കേണ്ടി വരും. ആലുവ സ്റ്റേഷനില്‍ നിന്ന് അങ്കമാലി വരെ ഒരു പാത, തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് കണക്ഷന്‍ ലൈന്‍ എന്നതായിരുന്നു ആദ്യ രൂപരേഖയിലെ പ്ലാന്‍. എന്നാല്‍ രണ്ട് പാതകളുടെ നിര്‍മാണത്തിന്റെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ആലുവ - വിമാനത്താവളം - അങ്കമാലി എന്ന തരത്തിലേക്ക് മാറ്റിയിരിക്കുന്നത്.
പുതുക്കിയ പദ്ധതിക്ക് ഏകദേശം 8000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പുതുക്കിയ പാത. കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. ആലുവയില്‍ നിന്ന് ആരംഭിച്ച് അത്താണി, കരിയാട് ജംഗ്ഷന്‍ വഴി വിമാനത്താവളത്തിലേക്ക് പോകുന്നതാണ് പുതുക്കിയ പാത. വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ മെട്രോയ്ക്ക് ഭൂഗര്‍ഭപാത എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നൊഴികെയുള്ള എല്ലാ സ്ഥലത്തും മുകളിലൂടെയായിരിക്കും പാത കടന്ന് പോകുക. കാക്കനാട് കഴിഞ്ഞാല്‍ അങ്കമാലിയിലേക്കും തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മെട്രോ എന്നതായിരുന്നു ആദ്യ പദ്ധതിയിലെ തീരുമാനം.
ഇതിനായി ഗതാഗത പഠനവും പദ്ധതി രൂപരേഖ തയ്യാറാക്കലുമെല്ലാം നടന്നിരുന്നതാണ്. ആലുവയില്‍ നിന്ന് അങ്കമാലി കോതകുളങ്ങര വരെ 11 സ്റ്റേഷനുകളും 14 കിലോ മീറ്റര്‍ ദൂരവും ആയിരുന്നു ഉണ്ടായിരുന്നത്. പദ്ധതി രൂപരേഖ തയ്യാറാക്കിയ കാലയളവില്‍ 3115 കോടി രൂപ ചെലവും 6.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് കണക്കാക്കിയിരുന്നത്.












Click it and Unblock the Notifications