കൊച്ചി മെട്രോ മൂന്നാം ഘട്ടം; ആലുവ മുതൽ അങ്കമാലി വരെ 17.5 കി.മീ, വിമാനത്താവളവുമായി ബന്ധിപ്പിക്കും
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് പുറത്ത്. ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് ഏകദേശം 17.5 കിലോമീറ്റർ മെട്രോ പാത നിർമ്മിക്കാനാണ് ഡിപിആർ നിർദ്ദേശിക്കുന്നത്. വിമാനത്താവളവുമായി മെട്രോ ബന്ധിപ്പിക്കുന്നതാണ് റിപ്പോർട്ടിലെ ഏറ്റവും മികച്ച പദ്ധതിയായി പരിഗണിച്ചിരിക്കുന്നത്. എന്നാൽ അങ്കമാലി റെയിൽവേ സ്‌റ്റേഷനിലേക്കുള്ള നേരിട്ടുള്ള ബന്ധം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
സാങ്കേതിക സാധ്യത, ചെലവ്, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് നാല് സാധ്യതകൾ വിലയിരുത്തിയത്. ഇതിൽ ഉയരപാതയും ഭൂഗർഭ പാതയും ഉൾപ്പെടുന്ന സംയോജിത പാതയാണ് ഏറ്റവും അനുയോജ്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പദ്ധതി പ്രകാരം ആലുവയിൽ നിന്ന് ദേശീയപാത 544ന് സമാന്തരമായി ഉയരപാതയിലൂടെയായിരിക്കും മെട്രോ മുന്നോട്ട് പോകുക.

കരിയാട് വരെ ഇത്തരത്തിൽ നിർമ്മിച്ച ശേഷം ഏകദേശം 3 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ തുരങ്കത്തിലേക്ക് പ്രവേശിക്കും. തുടർന്ന് ഭൂഗർഭ സ്‌റ്റേഷൻ വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കും. വിമാനത്താവളം കഴിഞ്ഞാൽ വീണ്ടും ഉയരപാതയിലേക്ക് മാറി നെടുമ്പാശേരി, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകും.
തുടർന്ന് അങ്കമാലി നഗരത്തിലെ കരയമ്പറമ്പിൽ പാത അവസാനിക്കും. അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്കുള്ള ബന്ധം നിലവിലെ റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് സാധ്യതാ പഠനത്തിനിടെ നിരവധി തടസങ്ങൾ കണ്ടെത്തിയതിനാലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അങ്കമാലി റെയിൽവേ സ്‌റ്റേഷനിലേക്ക് മെട്രോ എത്തിക്കണമെങ്കിൽ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ദേശീയപാത 544ലേക്ക് മെട്രോ പാത തിരിച്ചുകൊണ്ടുവരേണ്ടിവരും. ഇത് ഭൂമി ഏറ്റെടുക്കൽ ചെലവ് വർധിപ്പിക്കും. പ്രത്യേകിച്ച് വിമാനത്താവളത്തിന് സമീപം ചെലവ് കൂടുതലാകുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് ആഴ്‌ച മുമ്പ് ആലുവ പാലസിൽ കൊച്ചി മെട്രോ അധികൃതർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിൽ അങ്കമാലിയിലേക്കുള്ള മെട്രോ ബന്ധത്തിനായി മന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയ മെട്രോ റെയിൽ നയപ്രകാരം പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് വിമാനത്താവളവുമായി മെട്രോ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
നിർദ്ദേശിച്ചിരിക്കുന്ന പാതയിൽ ആകെ 15 സ്‌റ്റേഷനുകളാണുള്ളത്. തോട്ടക്കാട്ടുകര, കുന്നംപുറം, പരമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, വിമാനത്താവള റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽഎഫ് ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയമ്പറമ്പ് എന്നിവയാണ് നിർദേശിച്ച സ്‌റ്റേഷനുകൾ.
അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷനെ മെട്രോ പാതയിൽ ഉൾപ്പെടുത്തണമെന്ന് വ്യാപാരി സംഘടനകളും അങ്കമാലി മെട്രോ ആക്ഷൻ കൗൺസിലും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ഷൻ കൗൺസിൽ നടത്തിയ സർവേയിൽ പങ്കെടുത്ത പ്രദേശവാസികളിൽ 90 ശതമാനത്തിലധികം പേരും മെട്രോ പാത ദേശീയപാത 544ന് സമീപത്തുകൂടി കൊണ്ടുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ അങ്കമാലിയെ ഒഴിവാക്കിയതിൽ അതൃപ്‌തി ഉയരുന്നുണ്ട്.




Click it and Unblock the Notifications