യുവ എഞ്ചിനിയര്‍, കോമളന്‍; ജോലി കഞ്ചാവ് വില്‍പ്പന, ഒടുവില്‍ പോലീസ് പൊക്കി
കൊച്ചി: 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് അറസറ്റ് ചെയ്തത്. ചെറുകിട കച്ചവട സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് ഇയാളെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ സമാനമായ കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയാണ് ഷോബിന്‍. ബംഗളൂരുവിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രയില്‍ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങുന്നതെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇയാള്‍ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടത്രെ. പഠന കാലത്ത് തന്നെ ഇയാള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി.
പണം മുന്‍കൂറായി സ്വീകരിച്ച ശേഷമായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷോബിനെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴും ഇയാളുടെ ഫോണിലേക്ക് വിളികള്‍ വന്നുകൊണ്ടിരുന്നു. കഞ്ചാവ് ആവശ്യപ്പെട്ടായിരുന്നു വിളികള്‍.
ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞവര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം പോലീസ് ആറ് കിലോ കഞ്ചാവുമായി ഷോബിനെ പിടികൂടിയിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും പഴയ പണി ഷോബിന്‍ ആവര്‍ത്തിക്കുകയായിരുന്നു.












Click it and Unblock the Notifications