കൊച്ചി: പതിനൊന്നു പേരുടെ ജീവനെടുത്ത ഫോർട്ട് കൊച്ചി ബോട്ടപകടത്തിലും പാഠം പാഠിക്കാതെ കേരള വാട്ടർ ട്രാൻസ് പോർട്ട് അതോറിറ്റി. ഫോർട്ട് കൊച്ചി ബോട്ട് അപകടത്തെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ചെങ്കിലും കാലപ്പഴക്കമുള്ള ബോട്ടുകൾ മാറ്റുന്നതിനോ കാലാനുസൃതമായി അറ്റക്കുറ്റപ്പണി നടത്തുന്നതിനോ സർക്കാർ തയ്യാറാകാതായതോടെ മരണ ഭീതിയിലാണ് കൊച്ചിയിലെ ബോട്ട് യാത്ര. എറണാകുളത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൽ മേഖലകളിയ്ക്ക് പോകാൻ ഭൂരിഭാഗം ആളുകളും ബോട്ട് സർവീസാണ് ആശ്രയിക്കുന്നത്. പക്ഷേ ഇവിടങ്ങളിലേക്ക് പോകാനായി ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയാൽ ഇറങ്ങുന്നത് വരെ ശ്വാസമടക്കി പിടിച്ചിരിക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്.
ഒരു വർഷം മുമ്പാണ് ഫോർട്ട് കൊച്ചി ബോട്ട് ദുരന്തം ഉണ്ടായത്. അന്ന് സർവീസ് നടത്തിയിരുന്ന പഴഞ്ചൻ മരബോട്ട് വള്ളമിടിച്ചു തകരുകയായിരുന്നു. ഇതോടെ മരബോട്ടുകൾ പൂർണമായും കൊച്ചിയിൽ നിന്നും പിൻവലിച്ച് സ്റ്റീൽ ബോട്ടുകൾ എത്തിച്ചു. എന്നാൽ പുതുതായി എത്തിയ സ്റ്റീൽ ബോട്ടുകളാകട്ടെ പഴയതിനെക്കാൾ മോശം ബോട്ടുകളായിരുന്നു. ജോസ് തെറ്റയിൽ ജലഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ഇറക്കിയ സ്റ്റീൽ ബോട്ടുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പലതും കാലപ്പഴക്കം മൂലം പൂർണമായും തകർന്നിരിക്കുകയാണ്. ബോട്ടിന്‍റെ അരികുവശങ്ങളെല്ലാം തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയാണ്. ബാത്ത് റൂമുകൾ പലതും മാലിന്യവാഹികളായി. ബാത്ത് റൂമുകളുടെ വാതിലുകൾ ചാക്കിട്ട് മൂടിവച്ചിരിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്.

ബോട്ടുകൾ ദയനീയം..ജീവൻ കയ്യിലേന്തി..
ഒമ്പതു ബോട്ടുകളാണ് കൊച്ചിയിൽ സർവീസ് നടത്തുന്നത്. ഇതിൽ എസ് 30, എസ് 34 ബോട്ടുകളെ അവസ്ഥാത വളരെ ദയനീയമാണ്. ഏത് നിമിഷവും വലിയ അപകടങ്ങളിൽപെട്ടേക്കാവുന്ന രീതിയിലാണ് ഈ ബോട്ടുകൾ. ചട്ടക്കൂടുകൾ പൂർണമായും ദ്രവിച്ചു തുരുമ്പെടുത്തിരിക്കുകയാണ്. വിട്ടുതൂങ്ങിയ വാതിലുകൾ കയറിട്ടു കൊട്ടി നിർത്തിയിരിക്കുന്നു. എസ് 34നാകട്ടെ കാലപ്പഴക്കും മൂലം വേഗത പോലും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മറ്റു ബോട്ടുകൾ ഒരു സ്ഥലത്തേക്ക് ഓടിയെത്താൻ എടുക്കുന്നതിന്‍റെ ഇരട്ടി സമയമാണ് എസ് 34 ഓടിയെത്താൻ എടുക്കുന്നത്. ബോട്ടുകളുടെ എണ്ണം കുറവായതുകൊണ്ടാണ് ദുരന്തവാഹിനികളായ ബോട്ടുകൾ പോലും നീറ്റിലിറക്കേണ്ടി വരുന്നതെന്നാണ് ജീവനക്കാരുടെ വാദം.ഒരു വർഷം കൂടുതമ്പോൾ ബോട്ടുകൾ കരയിലെത്തിച്ച് മറൈൻ എഞ്ചിയനിയറുടെ സാനിധ്യത്തിൽ ബോട്ടുകൾ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ്. എന്നാൽ വർഷങ്ങളോളമായി ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുന്നു.

കൊച്ചി അച്ചാഹേ... ബോട്ട് അച്ചാ നെഹീഹേ
കേരളത്തിൽ വിദേശകൾ ഏറെയെത്തുന്ന പ്രദേശമാണ് കൊച്ചി. അവരെ കൊച്ചിയിലേക്ക് ആകർഷിക്കുന്നതാകട്ടെ ഈ ബോട്ട് യാത്രയും കായലും കടലുമെല്ലാമാണ്. ബിനാലെ കൂടിയെത്തിയതോടെ വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് കൊച്ചിയിലേക്കും ഫോർട്ട് കൊച്ചിയിലേക്കുമെല്ലാം എത്തുന്നത്. ബിനാലെ കാണാനായി ബംഗ്ലാദേശിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തി ബോട്ട് കാത്തു നിന്ന വിദേശിയുടെ വാക്കുകളാണ് കൊച്ചി അച്ചാഹേ... ബോട്ട് അച്ച നെഹീഹേ.... ഒടുവിൽ ഈ ആറംഗ സംഘം ബോട്ടിൽ കയറാതെ ബസിലാണ് എറണാകുളത്തേക്ക് പോയത്. ഇത്തരത്തിൽ ബോട്ട് കയറാനായി കാത്തു നിന്ന് ബോട്ട് തീരത്തോടുക്കുമ്പോൾ ഭയത്തോടെ മടങ്ങുന്നവർ നിരവധി പേരാണ്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ നിന്നും ബോട്ടിൽ കയറിയ കുറച്ച് വിദേശികൽ ബോട്ടിന്‍റെ ശോചനീയാവസ്ഥ് കണ്ട് തിരിച്ചിറങ്ങി. തിങ്കളാഴ്ച ദിവസം ബിനാലെയ്ക്ക് പ്രവേശനം ഫ്രീ ആയതുകൊണ്ട് തന്നെ ഏകദേശം കാൽ ലക്ഷത്തോളം ആളുകൾ അന്ന് ഫോർട്ട്കൊച്ചിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. അതിൽ ഒരു വിഭാഗം ആളുകൾ എറണകുളത്തെത്തിയ ശേഷം ബോട്ടിനാണ് പലപ്പോഴും ഫോർട്ട് കൊച്ചിയിലേക്ക് പോകാറുള്ളത്. അടിയന്തരമായ ഇപെടലിലൂടെ ഈ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്കാകും കൊച്ചി വരും ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക.

നശിക്കുന്നത് കോടികൾ
എറണാകുളം ബോട്ട് ജെട്ടിയിലും യാർഡിലുമായി വെറുതെകിടുന്ന നശിക്കുന്നത് കോടികളുടെ ബോട്ടുകൾ. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് കേരള വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റി 23 ലക്ഷം രൂപ ചിലവിൽ ഫൈബർ ബോട്ടുകൾ നിർമിച്ചിരുന്നത്. ഇതിൽ ആലപ്പുഴയിൽ സർവീസ് നടത്തിയിരുന്ന 5 ബോട്ടുകൾ എട്ട് വർഷങ്ങൾക്ക് മുൻപാണ് കൊച്ചിയിലേക്ക് കൊണ്ടു വന്നത്. ആ ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തി കൊച്ചിയിൽ സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ ബോട്ടുകൾ കൊണ്ടു വന്നതുമുതൽ ഇതുവരെയും ഒരു തരത്തിലുള്ള അറ്റകുറ്റപ്പണിയും നടത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഇതോടെ ഒരു കോടിയലധികം രൂപയുടെ ബോട്ടുകളാണ് വെറുതെ കിടന്നു നശിക്കുന്നത്. ഇതിൽ ഒരു ബോട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി യാർഡിലേക്ക് മാറ്റിയെങ്കിലും ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഫൈബർ ബോട്ടുകൾക്ക് പുറമേ അറ്റകുറ്റപ്പണിക്കായി ഒതുക്കി സ്റ്റീൽ ബോട്ടും തീരത്തേക്കിയിട്ട് വർഷങ്ങളായി. ഇതിന് പുറമേ രണ്ട് ബോട്ടുകൾ അടിയന്തരിമായി നിർമിക്കുന്നതിനായി സ്വകാര്യ യാർഡുകളിലേക്ക് സർക്കാർ മാറ്റിയിരുന്നു. എന്നാൽ രണ്ട് വർഷത്തോളമായി ഈ ബോട്ടുകളുടെ ഒരു വിവരവും ലഭ്യമല്ല.

നിർമാണ വസ്തുക്കളില്ല; അറ്റകുറ്റപ്പണികൾ ഇഴയുന്നു
നിർമാണ വസ്തുകൾ കിട്ടാത്തതിനാൽ ബോട്ടുകളെ അറ്റകുറ്റപ്പണികൾ വൈകുന്നു. ഓരോ വർഷം കൂടുമ്പോഴും ബോട്ട് കരയിലെത്തിച്ച് മറൈൻ എഞ്ചിനിയറെ കൊണ്ട് പരിശോധന നടത്തി അറ്റകുറ്റപ്പണികൾ തീർക്കണമെന്നാണ് നിയമം. എന്നാൽ ഒരു ബോർട്ട് അറ്റകുറ്റപ്പണികൾക്കായി യാർഡിൽ പ്രവേശിപ്പിച്ചാൽ മാസങ്ങൾക്ക് ശേഷമാണ് നിർമാണം പൂർത്തിയായി പുറത്തിറങ്ങുക. പലപ്പോഴും ഇതിന് വേണ്ട നിർമാണ വസ്തുകൾ കിട്ടാത്തതാണ് അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. കൊച്ചി യാർഡിലില്ലാത്ത പാർട്ട്സുകൾ ആലപ്പുഴയിൽ നിന്ന് കൊണ്ടുവരണം. ചിലപ്പോൾ ആലപ്പുഴയിലും ഇതുഉണ്ടാകാറില്ല. അങ്ങനെ വരുമ്പോൾ അറ്റകുറ്റപണിക്കായി കയറ്റിയ ബോട്ട് മാസങ്ങൾക്ക് ശേഷമാകും യാർഡിന് പുറത്തെത്തുക.
അതേസമയം, യാർഡിൽ ബോർട്ട് അറ്റകുറ്റപ്പണിക്കായി എത്തിക്കുമ്പോഴും കരയിൽ കയറിയുള്ള പരിശോധനകൾ പലപ്പോഴും നടത്താറില്ല. വെള്ളത്തിൽ മുങ്ങാത്ത ഭാഗങ്ങളിൽ പെയ്ന്‍റ് അടിച്ച് പുറത്തിറക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉണ്ട്.

മട്ടാഞ്ചേരിക്ക് ടിക്കറ്റ് തരും; പക്ഷേ ബോട്ട് പോകില്ല
എറണാകുളത്ത് നിന്ന് മട്ടാഞ്ചേരി വഴി ഫോർട്ട് കൊച്ചിയിലേക്ക് മൂന്ന് ബോട്ടുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. മട്ടാഞ്ചേരിക്ക് പോകാനായി ജെട്ടിയിലെത്തി ടിക്കറ്റ് ചോദിച്ചാൽ ടിക്കറ്റും കിട്ടും. ഒടുവിൽ ബോട്ടിൽ കയറി മട്ടഞ്ചേരിയിലിറങ്ങാൻ കാത്തിരുന്നാൽ എത്തുക ഫോർട്ട് കൊച്ചിയിലായിരിക്കുമെന്ന് മാത്രം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലേക്കും മറ്റുമായി നിരവധി യാത്രക്കാരെത്തുന്ന സ്ഥലമാണ് മട്ടഞ്ചേരി. എന്നാൽ വേലിയിറക്ക സമയത്ത് ഇവിടെ ബോട്ടുകൾ അടുക്കാറില്ല. മണൽ കാരണം ബോട്ടുകൾക്ക് തീരത്തേക്ക് അടുക്കാൻ കഴിയാത്ത നിലയാണ് ഇപ്പോഴുള്ളത് അതുകൊണ്ട് തന്നെ അടിയന്തരമായി മട്ടഞ്ചേരി ബോട്ട് ജെട്ടിയ്ക്ക് സമീപം ഡ്രെഡ്ജിങ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!