കുഴൽപ്പണത്തിൽ കുഴങ്ങി ബിജെപി; നേതൃത്വത്തെ പ്രതിരോധത്തിലാക്കി അന്വേഷണം
ഡിജിറ്റൽ ഇടപാടുകൾ മാത്രമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ ചെലവുകൾക്കായി നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഈ കേസ് എവിടെ വരെ കൊണ്ടുപോകുമെന്നതിൽ ബിജെപി നേതൃത്വത്ത
തിരുവനന്തപുരം: കുഴൽപ്പണക്കേസിലെ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക് എത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കേറ്റ ഇരട്ട പ്രഹരമായാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് ശേഷം ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങൾ സംസ്ഥാന നേതാക്കൾക്കിടയിൽ തുടരുന്നതിനിടെയാണ് കുഴൽപ്പണക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്തുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ഡിജിറ്റൽ ഇടപാടുകൾ മാത്രമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ ചെലവുകൾക്കായി നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഈ കേസ് എവിടെ വരെ കൊണ്ടുപോകുമെന്നതിൽ ബിജെപി നേതൃത്വത്തിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും കുഴൽപ്പണക്കേസും ആർഎസ്എസ് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരാജയപ്പെട്ടതാണ് ഇതിനെല്ലാം കാരണമെന്നാണ് ആർഎസ്എസ് പറയുന്നത്.

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിച്ചിട്ടുള്ളത് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെയാണ്. ബിജെപിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും ഏകോപിപ്പിക്കുന്നതിനും ആർഎസ്എസ് ബിജെപിയിലേക്ക് അയച്ചിട്ടുള്ളയാളാണ് എം.ഗണേഷ്. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിലുള്ള തസ്തികയായ പ്രാന്തിയ പ്രചാർ പ്രമുഖ് തസ്തികയിൽനിന്നാണ് ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എന്ന തസ്തികയിലേക്കു പോയത്.

മൂന്നരക്കോടി രൂപ തിരഞ്ഞെടുപ്പു ഫണ്ട് തൃശൂർ വഴി കടന്നുപോകുന്ന വിവരം മോഷണ സംഘത്തിനു ലഭിച്ചതിനു പിന്നിൽ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരാണ്. പാർട്ടിയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നവരാണ് ഇവർ. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ എന്നിവരെയും പൊലീസ് ചേദ്യം ചെയ്തിരുന്നു.

ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻതോതിൽ കുഴൽപണം എത്തിച്ചെന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള കാര്യങ്ങൾ. അങ്ങനെയെങ്കിൽ രാഷ്ട്രീയമായി തന്നെ സർക്കാർ ഇതിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നു. സ്വർണക്കടത്ത് കേസിലടക്കം ഒന്നിന് പുറകെ ഒന്നായി കേന്ദ്ര അന്വേഷണ ഏജൺസികളെ സംസ്ഥാനത്തേക്ക് അയച്ചതിന് തിരിച്ചടിയും പ്രതീക്ഷിക്കാം.

ഇത്രയേറെ പണിയെടുത്തിട്ടും വൻതോതിൽ വോട്ടുകുറഞ്ഞതിൽ ബിജെപി കേന്ദ്ര നേതൃത്വവും കേരളഘടകത്തിന്റെ പ്രവർത്തനത്തിൽ കടുത്ത നിരാശയിലും അതൃപ്തിയിലുമാണ്. കുഴൽപ്പണക്കേസിലും ബിജെപി നേതൃത്വത്തിന് നേരെ ഉയർന്ന ആരോപണം ദേശീയതലത്തിൽ പോലും പാർട്ടിയെ അപകീർത്തിപ്പെടുത്തുമെന്ന ആശങ്കയും കേന്ദ്രനേതൃത്വത്തിനുണ്ട്.

അതേസമയം പണത്തിന്റെ ഉറവിടം തേടുന്നതിന് കേരള പൊലീസിന് അധികാരമില്ലെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന നിയമോപദേശം ബിജെപിക്ക് തൽക്കാലം ആശ്വാസമാണ്. കൊടകരയിൽവച്ച് പണം മോഷ്ടിച്ച കേസ് മാത്രമാണ് കേരള പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ സംസ്ഥാനസർക്കാരിന് വീണു കിട്ടിയ അവസരമെന്ന നിലയിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള പരമാവധി ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകും.
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications