എംഎൽഎയുടെ മകളായിരുന്ന വിനോദിനി, കോടിയേരിയുടെ ജീവിത സഖിയാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: കോടിയേരിയുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല രാഷ്ട്രീയ ജീവിതത്തിലും ശക്തി കേന്ദ്രമായിരുന്നു ഭാര്യ വിനോദിനി. അയൽവക്കക്കാരിയായിരുന്ന വിനോദിനി കോടിയേരിയുടെ ജീവിത സഖിയാവുന്നത് 1980 ലായിരുന്നു.പ്രണയ വിവാഹമായിരുന്നോ എന്ന് ചോദിച്ചാൽ അല്ലെന്നോ ആണെന്നോ പറയാനാകാത്ത ആ കഥ ഇങ്ങനെ

തലശേരി എം എൽ എയായിരുന്ന സി പി എം നേതാവ് എം വി രാജഗോപാലിന്റെ സന്തത സഹചാരിയായിരുന്നു അന്ന് കോടിയേരി ബാലകൃഷ്ണൻ. ഇരുവരും രാഷ്ട്രീയപരമായുള്ള ബന്ധം മാത്രമായിരുന്നില്ല, അയൽവക്കക്കാർ കൂടിയായിരുന്നു. തലശേരിക്കടുത്തുള്ള മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിൽ വീട്. മുളിയിൽ നടയിൽ മൊട്ടമ്മൽ വീടും. വീടുകൾ തമ്മിൽ ആകെയുണ്ടായിരുന്നത് വെറും ഒരു കിമി ദൂരം.

രണ്ട് കുടുംബങ്ങളും വളരെ നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതലെ വിനോദിനിയേയും കോടിയേരിക്ക് നന്നായി അറിയാം. ഒടുവിൽ ഈ സൗഹൃദം കല്യാണം എന്ന ചർച്ചയിലേക്ക് എത്തിയപ്പോൾ വീട്ടുകാർക്കും യാതൊരു തടസവുമില്ല. ഒരു കല്യാണാലോചന എന്ന തരത്തിൽ പോലും ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഒടുവിൽ മുൻ എം എൽ എയുടെ മകൾ കോടിയേരിയുടെ ജീവിതത്തിലേക്ക്.

വിവാഹിതനാകുമ്പോൾ കണ്ണൂർ ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു കോടിയേരി. തലശേരി ടൗൺ ഹാളിൽ അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ പാർട്ടി രീതിയിലായിരുന്നു വിവാഹം. അതും ലളിതമായ ചടങ്ങിൽ. വിവാഹത്തിന് എത്തിയവർക്ക് നൽകിയത് വെറുമൊരു ചായമാത്രം.

അന്ന് മുതൽ കോടിയേരിയുടെ രാഷ്ട്രീയത്തിലേയും വ്യക്തി ജീവിതത്തിലേയും വളർച്ചയിലും തളർച്ചയിലും വിനോദിനി അദ്ദേഹത്തിന്റെ കരുത്തായി.കോടിയേരി പാർട്ടി നയിക്കുമ്പോൾ കുട്ടികളും കുടുംബകാര്യങ്ങളും വിനോദിനിയുടെ മേൽനോട്ടത്തിൽ. മക്കളുടെ കാര്യങ്ങളിൽ കാര്യമായി ഇടപെടുന്ന അച്ഛനായിരുന്നില്ല കോടിയേരി. അതുകൊണ്ട് തന്നെ അവർ തങ്ങളുടെ മേഖല സ്വയം തിരഞ്ഞെടുത്തു.

ബിസിനസിലും സിനിമയിലും മക്കൾ തങ്ങളുടെ ഭാവി കണ്ടെത്തിയപ്പോൾ അതിനേയും കോടിയേരി എതിർത്തില്ല. മക്കളെ തേടിയെത്തിയ വിവാദങ്ങൾ അച്ഛനെന്ന രാഷ്ട്രീയക്കാരനെ വരിഞ്ഞ് മുറുക്കിയപ്പോഴും അടിപതാറെ തന്നെ അദ്ദേഹം മുന്നോട്ട് പോയി, മക്കളും മരുക്കളും അടങ്ങിയ കുടുംബത്തെ നെഞ്ചേറ്റി കൊണ്ട് തന്നെ, രാഷ്ട്രീയ എതിരാളികളോട് പോലും ശത്രുത കാണിക്കാത്ത കോടിയേരിയെന്ന മനുഷ്യ സ്നേഹിക്ക് അതിനല്ലാതെ കഴിയില്ലല്ലോ..












Click it and Unblock the Notifications