കെ-റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും; ക്രമസമാധാന തകര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയോട് സുധാകരന്‍
തിരുവനന്തപുരം: കെ-റെയിലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ-റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസമാനമായ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. സമരം ശക്തമാക്കും വെറും സ്വപ്നം മാത്രമാണ് കെ-റെയില്‍,' സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോടും പ്രതിബന്ധതയില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. പദ്ധതി നടത്തണമെന്ന് പിണറായി വിജയന്‍ വാശി പിടിക്കുന്നത് ലാവ്ലിനേക്കാളും കമ്മീഷന്‍ കിട്ടും എന്നത് കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു.
പ്രതിപക്ഷത്തിന് കെ-റെയില്‍ പദ്ധതി സര്‍ക്കാര്‍ ബോധ്യപ്പെടുത്താത്തത് തന്റേടമില്ലാഞ്ഞിട്ടാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. സില്‍വര്‍ ലൈന്‍ കൊണ്ട് ജനങ്ങളുടെ മനസ്സമാധാനം തകര്‍ന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സമരപരിപാടികള്‍ ശക്തമാക്കി കെ-റെയിലിനെതിരെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും സി.പി.ഐ.എം, സി.പി.ഐ അണികള്‍ പോലും പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും. 2025 നുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസത്തിനും കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനുമായി ആറായിരം കോടിയിലേറെ രൂപ മാറ്റിവെക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുനരധിവാസത്തിന് 1730 കോടി രൂപയും വീടുകളുടെ നഷ്ടപരിഹാരത്തിന് 4460 കോടി രൂപയുമാണ് നീക്കിവെക്കുക.
പ്രതിഷേധങ്ങളെ ബോധവല്‍ക്കരണത്തിലൂടെ മറികടക്കാനാണ് സി.പി.ഐ.എം തീരുമാനം. പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കെ-റെയിലിനെതിരായ ദുഷ്പ്രചാരണങ്ങളെ സി.പി.ഐ.എം തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തി പദ്ധതിയെപ്പറ്റി ബോധവത്കരണം നടത്താനാണ് തീരുമാനം.
ഇതിന്റെ ആദ്യപടിയെന്നോണം സംസ്ഥാനത്ത് ആദ്യം സമരം തുടങ്ങിയ കോഴിക്കോട് കാട്ടിലപ്പീടികയില്‍ സി.പി.ഐ. എം സെമിനാര്‍ തോമസ് ഐസക് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.












Click it and Unblock the Notifications