തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സിബിഐയെ ബോധ്യപ്പെടുത്താൻ കേരള സർക്കാരിന് സാധിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തേണ്ട ഉപോത്ബലകമായ രേഖകളും സാഹചര്യവും തെളിവുകളും ഉന്നയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
സെക്രട്ടേറിയറ്റിനു മുന്നില്‍ 764 ദിവസമായി ഉപവാസം കിടക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. അതേസമയം ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തില്‍ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകള്‍ പോലീസ് കേരളത്തില്‍ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ കുറ്റപ്പെടുത്തികൊണ്ട് കുമ്മനം രംഗത്ത് വന്നത്.

സർക്കാർ മനസുവച്ചിരുന്നെങ്കിൽ...
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സിബിഐയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ബിജെപിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു. എല്ലാം സിബിഐയുടെ തലയില്‍ കെട്ടിവയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് കൃത്യമായി ചെയ്തിരുന്നെങ്കില്‍ ശ്രീജിത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്ബു തന്നെ നീതി ലഭ്യമായേനെയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

പോലീസ് കംപ്ലയിന്റ് അതോറിറ്റി ഓഫ് ഇന്ത്യ
പോലീസ് കംപ്ലയിന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി. കേരളാ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണപരമായി രൂപീകൃതമായിട്ടുള്ള സംവിധാനമാണ് പോലീസ് കംപ്ലയിന്റ് അതോറിട്ടി. ഈ അതോറിട്ടി അന്വേഷണം നടത്തി വളരെ വ്യക്തമായി പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ പേരുകള്‍ ചുണ്ടികാട്ടിയിട്ടും കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇത്രയും നാളായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് മനുഷ്യദ്രോഹവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നേതാവെന്ന നിലയിൽ പുച്ഛം തോനുന്നു
ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയോ അവര്‍ മുന്നോട്ടുവച്ച ആവശ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല ശ്രീജിത്ത് സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സമരത്തെ നിരുത്സാഹപ്പെടുത്തുന്നതിന് ചിലര്‍ രാഷ്ട്രീയ വ്യാഖ്യനങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. എന്നാൽ സ്വയം വിമർശിച്ചുകൊണ്ടാണ് കെ സുരേന്ദ്രൻ പ്രസ്താവന ഇറക്കിയത്. ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിതെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

വീണ്ടും ഇടപെടുന്നു...
അതേസമയം ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നിയമസഹായം നൽകും
സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു. ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സി.ബി.ഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

മരണത്തിന് കാരണക്കാരായവരെ പുറത്തുകൊണ്ടു വരണം
ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

മർദ്ദനം പ്രണയത്തിന്റെ പേരിൽ
ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!