സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് കെവി തോമസ്; ശശി തരൂരും പിന്മാറും
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെവി തോമസിന് ഹൈക്കമാന്റ് നിര്‍ദേശം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം തന്നെ അറിയിച്ചതെന്ന് കെവി തോമസ് പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദേശം പാലിക്കും. സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നും എന്തുകൊണ്ടാണ് വിലക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ച് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കത്ത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.

ശശി തരൂരിനും കെവി തോമസിനുമായിരുന്നു സിപിഎം സെമിനാറിലേക്ക് ക്ഷണം. ഇരുവരും പങ്കെടുക്കരുതെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം സമ്മേളനം ദേശീയ പരിപാടി ആയതിനാല്‍ സോണിയ ഗാന്ധിയുടെ പ്രതികരണം തേടുകയായിരുന്നു ഇരുവരും. സോണിയ ഗാന്ധിയുടെ തീരുമാനമാണ് കെസി വേണുഗോപാല്‍ അറിയിച്ചത്. വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതിയുണ്ടെങ്കില്‍ ശശി തരൂര്‍ പങ്കെടുക്കട്ടെ എന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, ഹൈക്കമാന്റ് എടുക്കുന്ന തീരുമാനം അനുസരിക്കുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സോണിയയോടും കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനോടുമാണ് അദ്ദേഹം അനുമതി ചോദിച്ചിരുന്നത്. സിപിഎമ്മിന്റേത് ദേശീയ സമ്മേളനമാണ്. കേരളത്തിന് പുറത്ത് ഇരു പാര്‍ട്ടികളും സഹകരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ നിന്നാണ് ക്ഷണമുണ്ടായിരിക്കുന്നതെന്നും കെവി തോമസ് പറഞ്ഞിരുന്നു.
ഇതിനെ എതിര്‍ത്താണ് സുധാകരന്‍ രംഗത്തുവന്നത്. സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ഈ വേളയില്‍ സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്ക് വെറുപ്പാകും. ജനവികാരം ബോധ്യപ്പെട്ടത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കെ റെയില്‍ വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് കെപിസിസി കടുത്ത നിലപാട് സ്വീകരിച്ചത്.
കെപിസിസി അധ്യക്ഷന്റെ പ്രതികരണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ പങ്കെടുത്താല്‍ സ്വാഗതം ചെയ്യും. അല്ലെങ്കില്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications