കൂട്ടക്കുടിയൊഴിപ്പിക്കലിന്റെ വക്കില്‍ പതിനായിരങ്ങള്‍; ലക്ഷദ്വീപില്‍ നടക്കുന്നത്... പരിഹാരം ഇങ്ങനെ
സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു ജനത എങ്ങനെയാണ് അശാന്തിയിലേക്കും നിയമക്കുരുക്കുകളിലേക്കും തള്ളിവിടപ്പെടുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് ലക്ഷദ്വീപ് നിവാസികളുടെ അവസ്ഥ. ദശാബ്ദങ്ങളായി ജീവിച്ചുപോരുന്ന താമസ സ്ഥലത്തു നിന്ന് ഏത് സമയവും പുറത്താക്കപ്പെടുമെന്ന ആധിയിലാണ് ദ്വീപിലെ വലിയൊരു വിഭാഗം. പരമ്പരാഗതമായി താമസിച്ചുപോരുന്ന മണ്ണില്‍ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുപോകില്ലെന്ന് അവര്‍ പറയുന്നു.
കൃത്യമായ രേഖകള്‍ കാണിച്ചില്ലെങ്കില്‍ ഒഴിപ്പിക്കുമെന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിലപാട്. പാട്ട വ്യവസ്ഥയില്‍ കൈമാറിയ പണ്ടാരം ഭൂമി തിരിച്ചുപിടിക്കുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍ കൃത്യമായ രേഖകളുള്ള സ്ഥലം എന്ത് അടിസ്ഥാനത്തിലാണ് പിടിച്ചെടുക്കുക എന്നാണ് ദ്വീപ് വാസികളുടെ ചോദ്യം. വിഷയം കോടതിയിലേക്കും സമരത്തിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയാണ്. എന്താണ് ലക്ഷദ്വീപില്‍ സംഭവിക്കുന്നത് എന്നറിയാം...

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ണൂരിലെ അറക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ദ്വീപ്. പിന്നീട് ഒരുഭാഗം ടിപ്പുസുല്‍ത്താന്‍ കൈമാറി. ശേഷം ബ്രിട്ടീഷുകാര്‍ പിടിച്ചെങ്കിലും ഭൂരേഖകളില് മാറ്റംവരുത്തിയില്ല. ജന്മം, പണ്ടാരം എന്നീ രണ്ട് ഗണത്തിലാണ് ദ്വീപിലെ ഭൂമി. കാര്‍ഷിക ആവശ്യത്തിന് വേണ്ടി അറക്കല്‍ കുടുംബം ജനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയതാണ് പണ്ടാരം ഭൂമി. സ്വാതന്ത്ര്യത്തിന് ശേഷം 1965ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരം, 40 വര്‍ഷമായി താമസിക്കുന്ന സ്ഥലത്തിന്മേല് അവകാശം ലഭിച്ചിട്ടുണ്ടെന്ന് ദ്വീപ് വാസികള്‍ പറയുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന സാഹചര്യംവന്നപ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകുകയും പരാതി കേന്ദ്ര ആഭ്യന്തര വകുപ്പിന് മുന്നിലെത്തുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 1975ല്‍ രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ് ഉത്തരവ് വരികയും ഇതുപ്രകാരം നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ദ്വീപില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായതെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ആരോപിക്കുന്നു.
രാഷ്ട്രീയ നിയമനങ്ങള്‍
സിവില്‍ സര്‍വീസ് ഓഫീസര്‍മാരെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്ന പതിവ് രീതിയില്‍ മാറ്റം വന്നത് 2015ല്‍ സര്‍ദാര്‍ ഫാറൂഖ് ഖാന്റെ വരവോടെയാണ്. ദ്വീപിലേക്കുള്ള ആദ്യ രാഷ്ട്രീയ നിയമനമായിരുന്നു അത്. മുന്‍ ഐപിഎസ് ഓഫീസറായിരുന്ന ഫാറൂഖ് ഖാന് 2014ല്‍ ബിജെപിയില്‍ ചേരുകയും തൊട്ടടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയാകുകയും ചെയ്തിരുന്നു. ദ്വീപിലെ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ നീക്കങ്ങള്‍ നടത്തി.
ശേഷമാണ് ഐബി ഓഫീസറായിരുന്ന ദിനേശ്വര്‍ ശര്‍മ ദ്വീപ് അഡ്മിനിസ്ട്രേറ്ററായെത്തിയത്. 2020 ഡിസംബറില്‍ മരിക്കുന്നത് വരെ ഇദ്ദേഹം പദവിയില്‍ തുടര്‍ന്നു. പിന്നീട് വന്ന ഗുജറാത്തുകാരനായ പ്രഫുല്‍ ഖോഡ പട്ടേല്‍ ആണ് നിലവിലെ അഡ്മിനിസ്ട്രേറ്റര്‍. ദ്വീപുകാര്‍ കൈവശം വെക്കുന്ന ഭൂമിയിലെ ഇടപാടുകളെല്ലാം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് 2020ലുണ്ടായിരുന്നു. 2023ല്‍ മുന്‍ ഉത്തരവുകളെല്ലാം റദ്ദാക്കി പുതിയ ഉത്തരവ് ദ്വീപ് ഭരണകൂടം ഇറക്കിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ദ്വീപുകാര്‍ പറയുന്നു.

(സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതിഷേധം)
പുതിയ വിവാദം ഇതാണ്
പണ്ടാരം ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 27ന് പുതിയ പട്ടിക ഭരണകൂടം പ്രസിദ്ധീകരിച്ചിരുന്നു. പട്ടിയിലുള്ളവര്‍ ഭൂരേഖകള്‍ പത്ത് ദിവസത്തിനകം സബ് കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ഭൂമി ഏറ്റെടുക്കല്‍ വിവാദമുണ്ടായപ്പോള്‍ കേരള ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയവരും ഈ പട്ടികയിലുണ്ടായിരുന്നു. ഇത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. കൈവശം വയ്ക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നതിന്റെ തെളിവല്ലേ ഇത് എന്ന് ദ്വീപുകാര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഭൂമിയായിരുന്നു എങ്കില്‍ അന്ന് ഒഴിപ്പിച്ചവര്‍ക്ക് എന്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി എന്നാണ് അവരുടെ ചോദ്യം. 3000ത്തിലധികം വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് പുറമെ നിരവധി മരങ്ങളും തെങ്ങുകളും നീക്കം ചെയ്യുമെന്നാണ് പുതിയ ആശങ്ക.
നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ലക്ഷദ്വീപ് കളക്ടര്‍ ഭൂസര്വ്വെയുമായി വീണ്ടുമെത്തിയത്. കോടതിയുടെ ഭാഗത്ത് നിന്ന് ശാസനയുണ്ടായതോടെ സ്റ്റേ വാങ്ങിയവരുടെ പേരുകള്‍ ഒഴിവാക്കി പുതിയ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംഘം ചേര്‍ന്ന് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. എംപി ഹംദുല്ല സഈദ് കളക്ടറുമായി ചര്‍ച്ച നടത്തി, ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണിപ്പോള്.

(എംപി ഹംദുല്ല സഈദും സംഘവും ലക്ഷദ്വീപ് കളക്ടറുമായി ചര്‍ച്ച നടത്തുന്നു)
ലക്ഷദ്വീപ് കളക്ടര്‍ അനുവദിച്ച 10 ദിവസത്തെ സമയം അവസാനിക്കാന്‍ പോകുകയാണ്. അതിന് മുമ്പേ പുതിയ ഉത്തരവിറക്കി സര്‍വ്വേക്ക് ശ്രമിച്ചതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. മാത്രമല്ല, സര്‍വ്വെ നടപടികള്‍ക്ക് പോലീസ് സുരക്ഷ നല്‍കാനും നിര്‍ദേശമുണ്ട്. കവരത്തി, ആന്ത്രോത്ത്, അഗത്തി, മിനിക്കോയ്, കല്‍പ്പേനി എന്നീ അഞ്ച് ദ്വീപുകളിലാണ് സര്‍വ്വെ. ഏറ്റവും കൂടുതല്‍ പേര് താമസിക്കുന്ന ദ്വീപാണ് ആന്ത്രോത്ത്.
ദ്വീപിലെ രാഷ്ട്രീയം
കോണ്‍ഗ്രസിനും എന്‍സിപിക്കുമാണ് രാഷ്ട്രീയമായി ലക്ഷദ്വീപില്‍ സ്വാധീനം. എന്‍സിപിയെ തോല്‍പ്പിച്ച് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംദുല്ല സഈദ് ആണ് വിജയിച്ചത്. 65000ത്തോളം മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ നേരിയ വോട്ടുകള്‍ക്കാണ് തിരഞ്ഞെടുപ്പ് വിജയം ഉണ്ടാകാറ്. ഹംദുല്ല സഈദിന്റെ ജയം 3000ത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു. പുതിയ ജനകീയ സമരത്തില്‍ എംപി ഹംദുല്ല സഈദ് മുന്‍നിരയിലുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ദ്വീപിലെ അവസ്ഥകള്‍ എംപിയുള്‍പ്പെടെയുള്ളവര്‍ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് വഴി നിയമ നിര്‍മാണം നടത്തുകയാണ് ശാശ്വത പരിഹാരത്തിനുള്ള വഴി. അല്ലെങ്കില്‍ രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറങ്ങണം. അതുമല്ലെങ്കില്‍ കോടതി വഴിയാണ് ആശ്രയം. സര്‍ക്കാരില്‍ ഭാഗമായ ജെഡിയുവിന് ലക്ഷദ്വീപില്‍ യൂണിറ്റുണ്ട്. കുടിയൊഴിപ്പിക്കലിന് ജെഡിയു എതിരായത് ദ്വീപ് വാസികള്‍ക്ക് പ്രതീക്ഷ നല്കുന്നു. പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ കരുത്ത് വര്‍ധിച്ചതും പ്രതീക്ഷയാണ്. അടുത്തിടെ മന്ത്രി രാജ്നാഥ് സിങ് ദ്വീപിലെത്തിയ വേളയില്‍ നടത്തിയ പ്രതികരണം ആശ്വാസകരമായിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു.
മനോഹരം 36 ചെറുദ്വീപുകള്‍
36 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. 10 ദ്വീപുകളിലേ ജനവാസമുള്ളൂ. ബാക്കി ഒഴിഞ്ഞു കിടക്കുകയും ബംഗാരം ഉള്‍പ്പെടെയുള്ള ദ്വീപുകള്‍ ടൂറിസത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ദ്വീപിന്റെ വടക്കന്‍ മേഖലയുമായി അടുത്ത് നില്ക്കുന്ന പ്രദേശം മംഗലാപുരവും ബേപ്പൂരുമാണ്. അതേസമയം, ജനവാസമുള്ള തെക്കന്‍ മേഖലയുമായി അടുത്തുള്ളത് കൊച്ചിയാണ്. വിദ്യാഭ്യാസം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ദ്വീപുകാര്‍ വേഗത്തില്‍ ആശ്രയിക്കുന്നതും കൊച്ചിയെ ആണ്. കൊച്ചിയില്‍ ദ്വീപുമായി ബന്ധപ്പെട്ട ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ദ്വീപുകാരെ പട്ടിക വര്‍ഗ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ പോലിസ് ക്ലിയറന്‍സ് ആവശ്യമാണ്. കൊച്ചി ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കണം. അന്വേഷണത്തിന് ശേഷമാണ് പ്രവേശന അനുമതി ലഭിക്കുക. ദ്വീപിലെത്തിയാല്‍ പോലീസിനെ അറിയിക്കണം. തിരിച്ചുപോരുമ്പോഴും അങ്ങനെ തന്നെ. നിലവില്‍ ബേപ്പൂരിലേക്കുള്ള കപ്പല്‍ സര്‍വീസ് ഇല്ല. കൊച്ചിയില്‍ നിന്നുള്ള വിമാന, കപ്പല്‍ സര്‍വീസുകളാണ് ആശ്രയം.
ടൂറിസം മേഖലയ്ക്ക് ഉത്തേജനം നല്കാന് പര്യാപ്തമാണ് ലക്ഷദ്വീപ്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കവും. സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് ടൂറിസത്തിന് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടത് എന്ന അഭിപ്രായം ശക്തമാണ്. നരേന്ദ്ര മോദി അടുത്തിടെ ദ്വീപിലെത്തിയ വേളയില്‍ പുറത്തുവന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ലക്ഷദ്വീപിന്റെ ടൂറിസം കൂടുതല്‍ ചര്‍ച്ചയാകാനും ഇതു വഴിയൊരുക്കിയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications