ഇന്ധന സെസിനെതിരെ എൽഡിഎഫിലും എതിർപ്പ്; നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത
ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയേക്കും. ഇന്ധന സെസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സർക്കാർ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത്.
ഇന്ധന സെസ് ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാരിന് തിരിച്ചടിയാകുമെന്നായിരുന്നു ഇന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചത്. നാട്ടിൽ ഇന്ധന വിലകൂടുകയും അതിർത്തി സംസ്ഥാനങ്ങളിൽ വില കുറയുകയും ചെയ്താൽ അത് ഇവിടുത്തെ കച്ചവടം കുറയ്ക്കുകയും മറ്റിടങ്ങളിലെ കച്ചവടം കൂട്ടുകയും ചെയ്യും. ഇക്കാര്യം സർക്കാർ ആലോചിക്കുകയും ഉചിതമയാ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഇന്ധന സെസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തിയ ശേഷം മാത്രമേ തീരുമാനം നടപ്പാക്കൂ. ഇന്ധന വില കൂട്ടിയത് കേന്ദ്രമാണ്, അത് മറയ്ക്കാൻ സംസ്ഥാനത്തിന്റെ സെസ് ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനസെസ് ജനങ്ങള്‍ക്ക് ഭാരമാകുമോ എന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് സിപിഐ പ്രതികരിച്ചത്. പറയാനുള്ള തങ്ങൾ നിയമസഭയിൽ പറയുമന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം. പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നയമാണ് പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് നയിച്ചത്. ഇതിൽ നിന്നുള്ള വരുമാനം ക്ഷേമ പെൻഷൻ വിതരണത്തിന് മാത്രമാണ് ഉപയോഗിക്കുക. 60 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് ഈ പണം എത്തും. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ 20 ശതമാനം ഇത്തരം സെസിൽനിന്നാണ്. ഇതിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുമില്ല', എന്നായിരുന്നു ബജറ്റിൽ പ്രസംഗത്തിൽ ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്.












Click it and Unblock the Notifications