കേന്ദ്രം വാക്സിൻ നയം തിരുത്തണം, വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി വീടുകളിൽ പ്രതിഷേധം സംഘടിപ്പിച്ച് ഇടത് മുന്നണി. വൈകുന്നേരം അഞ്ചര മുതൽ ആറ് മണി വരെയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചത്. ഇടത് പാർട്ടി ഓഫീസുകൾക്ക് മുന്നിലും വീടുകളിലും പ്രതിഷേധം അരങ്ങേറി.
'ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് കൈക്കൊള്ളുന്നത്. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം. ഇത് തിരുത്താനും സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം' എന്ന് സിപിഎം ആവശ്യപ്പെട്ടു.

സംസ്ഥാനത്തൊട്ടാകെ ഇടത് നേതാക്കളും അണികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര വാക്‌സിന്‍ നയത്തിന് എതിരെയുളള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിയാണ് പ്രതിഷേഷം സംഘടിപ്പിച്ചത്. വീട്ടമ്മമാരും കുട്ടികളും അടക്കം പ്രതിഷേധ പരിപാടിയിൽ അണി നിരന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കുടുംബവും തൃശൂരിലെ വീടിന് മുന്നില്‍ സമരത്തിന്റെ ഭാഗമായി ചേര്‍ന്നു. തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, കെഎന്‍ ബാലഗോപാല്‍ അടക്കമുളളവര്‍ സമരത്തില്‍ പങ്ക് ചേര്‍ന്നു.












Click it and Unblock the Notifications