പ്രകടനപത്രിക തിരുത്തി എൽഡിഎഫ്, ചില പിശകുകളെന്ന് വിശദീകരണം
പ്രകടനപത്രിക എൽഡിഎഫ് തിരുത്തിയെന്ന അപൂർവ്വതയുമുണ്ട് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിന്. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. എൽഡിഎഫ് പ്രകടനപത്രികയിൽ വന സംരക്ഷണം സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ചില പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആ ഭാഗങ്ങൾ താഴെ പറയും വിധം വായിക്കണമെന്നുമുള്ള വിശദീകരണവും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടേതായി നൽകിയിട്ടുണ്ട്. പ്രകടനപത്രികയിലെ 50 (വനങ്ങളുടെ സമഗ്ര സംരക്ഷണം), 729 (സമഗ്ര സംരക്ഷണം), 730 (വനപരിപാലന രീതികള്‍) എന്നീ വാഗ്ദാനങ്ങളിലാണ് തിരുത്ത് വരുത്തിയിരിക്കുന്നത്.
'ആ വോട്ട് കിട്ടൂല്ല'- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ
വനങ്ങള്‍ക്ക് സമഗ്രസംരക്ഷണം (50) എന്ന വാഗ്ദാനത്തിൽ വരുത്തിയ തിരുത്ത് ഇങ്ങനെയാണ്- അവശേഷിക്കുന്ന വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന ജനകേന്ദ്രീകൃത സമീപനം സ്വീകരിക്കും. ശാസ്‌ത്രീയ രീതികളും പ്രാദേശിക അറിവുകളും ഉള്‍പ്പെടുത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് മാനേജ് ചെയ്യും. കോര്‍, ബഫര്‍ സോണുകള്‍ സംബന്ധിച്ച് ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. ഇങ്ങനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഏക വര്‍ഗ്ഗ വനങ്ങളെ വൈവിധ്യമാര്‍ന്ന പ്രകൃതി സൗഹൃദ വനങ്ങളാക്കിമാറ്റും.
സമഗ്ര സംരക്ഷണം (729) എന്ന വാഗ്ദാനത്തിൽ ഇനി പറയും വിധമാണ് തിരുത്ത് വരുത്തിയിരിക്കുന്നത്- വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന രീതിയില്‍ നയം പുതുക്കും. വന്യജീവി സംരക്ഷണ നടപടികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകാത്ത രീതിയില്‍ നടപ്പാക്കുകയും ജനങ്ങളുടെ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യും. പരമ്പരാഗത അറിവുകളും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സംസ്ഥന നിയമസഭ പാസ്സാക്കിയിട്ടുള്ള വനം-വന്യജീവി ഭേദഗതി നിയമത്തിന് എത്രയും വേഗം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.
'വിഡി സതീശനോട് ഒറ്റ ചോദ്യം, വയനാട് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വീട് പണിയാൻ പണമില്ല'; തോമസ് ഐസക്
വനപരിപാലന രീതികള്‍ (730) എന്ന വാഗ്ദാനത്തിൽ വരുത്തിയ തിരുത്ത് ഇപ്രകാരമാണ്- സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് മാനേജ് ചെയ്യും. കോര്‍ സോണുകളും ബഫര്‍ സോണുകളും നിശ്ചയിക്കുന്ന കാര്യത്തില്‍ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളുടെ ഉപജീവനവും, സുരക്ഷയും സംരക്ഷിക്കുന്ന തരത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ മാത്രം നടപ്പിലാക്കുകയും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള ശാസ്‌ത്രീയ നടപടികള്‍സ്വീകരിക്കുകയും ചെയ്യും.
എൽഡിഎഫ്പ്രകടനപത്രികയിലെ വന സംരക്ഷണം സംബന്ധിച്ച പല വാഗ്ദാനങ്ങളും മലയോര കാർഷിക മേഖലയിൽ നിന്നുള്ള എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. പശ്ചിമഘട്ടത്തിലെ ഏകവിള തോട്ടങ്ങള്‍ മുഴുവന്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വനമാക്കുമെന്നായിരുന്നു പ്രകടന പത്രികയിലെ 730ാം വാഗ്ദാനം. ഇത് ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി നിയോജകമണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഭേദഗതി വരുത്തിയത്.
എല്ലാ സംരക്ഷിത വനമേഖലകളിലും (റിസര്‍വ് ഫോറസ്റ്റ്) പുതുതായി കോര്‍ സോണ്‍, ബഫര്‍ സോണ്‍, പുതുതായി ഒരു മാനിപ്പുലേഷന്‍ സോണ്‍ കൂടി വരുന്നു എന്ന 739ാം വാഗ്ദാനത്തിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കി.മീ. ബഫര്‍ സോണിന്റെ പ്രശ്‌നം നാളിതുവരെയായിട്ടും തീര്‍ന്നിട്ടില്ല. അപ്പോഴാണ് എല്‍ഡിഎഫ് ജനങ്ങളെ കുടിയിറക്കാനായി മാനിപ്പുലേഷന്‍ സോണുമായി എത്തിയിരിക്കുന്നതെന്ന വിമർശനമാണ് ഉയർന്നത്. ഇതിൽ മാറ്റം വരുത്തിയിട്ടുമില്ല.












Click it and Unblock the Notifications