‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിലൊക്കെ പ്രവാസി വോട്ടര്‍മാരേയും വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളില്‍ എത്തുന്നത് പതിവ് കാഴ്ചയായിരുന്നു. പ്രത്യേക വിമാനങ്ങളിലല്ലാതെയും പ്രവാസി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കണക്കാക്കി നാട്ടിലെത്തിയിരുന്നു. എന്നാൽ, ഇത്തവണ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം മൂലം വോട്ട് ചെയ്യാനായി നാട്ടിലെത്താൻ പ്രവാസികൾക്ക് സാധിക്കാത്ത അവസ്ഥയാണ്. ചാറ്റേർഡ് വിമാനം ഏർപ്പെടുത്താനുള്ള അസൗകര്യവും ടിക്കറ്റിന്റെ തീവിലയുമൊക്കെയാണ് പ്രവാസികളെ തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റുന്നത്.
'വിഡി സതീശനോട് ഒറ്റ ചോദ്യം, വയനാട് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വീട് പണിയാൻ പണമില്ല'; തോമസ് ഐസക്
ഇത് പ്രധാന മുന്നണികളെയെല്ലാം പ്രതിസന്ധിയിലാക്കുകയാണ്. മലബാറിലെ 18 മണ്ഡലങ്ങളിലെങ്കിലും ഇത് വിധിയെഴുത്തിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് രാഷ്ട്രീയ പാർട്ടികൾക്ക്. ഗള്‍ഫ് നാടുകളിലുള്ള 40 ലക്ഷം മലയാളികളില്‍ രണ്ടര ലക്ഷത്തിനടുത്ത് ആളുകൾക്ക് വോട്ടവകാശമുണ്ടെന്നാണ് കണക്ക്. നാട്ടിലേക്കാളോ നാട്ടിലേതിന് സമാനമായതോ ആയ രീതിയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ചർച്ചകളിലും സജീവമാകാറുണ്ട് പ്രവാസികൾ. മുസ്‌ലീം ലീഗിന്‍റെ പോഷക സംഘടനയായ കേരള മുസ്‌ലീം കള്‍ച്ചറല്‍ സെന്‍റര്‍ എന്ന കെഎംസിസി, കോണ്‍ഗ്രസിന്‍റെ പ്രവാസി വിഭാഗമായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, എൽഡിഎഫ് ആഭിമുഖ്യമുള്ള നവോദയ, ശക്തി, കൈരളി, കല, സംസ്കൃതി എന്നീ പ്രവാസി സംഘടനകൾ, ആര്‍എസ്എസ് ആഭിമുഖ്യമുള്ള പ്രവാസി ഭാരതി, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള പ്രവാസി വെല്‍ഫെയര്‍ ഫോറം എന്നിവയെല്ലാം ഗള്‍ഫ് മേഖലയില്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

വോട്ടവകാശമുള്ള പ്രവാസി മലയാളികളില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ വോട്ട് ചെയ്യാന്‍ എത്തുമെന്നായിരുന്നു മുന്നണികളുടെ പ്രതീക്ഷ. യാത്രാച്ചെലവ് നൽകിയും ചില ഘട്ടങ്ങളില്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്‌ത് കൂട്ടമായുമൊക്കെയാണ് പ്രവാസികളെ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിച്ചിരുന്നത്. വിമാന ചാര്‍ജ്ജ് തന്നെയാണ് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി നില്‍ക്കുന്നത്. ഏപ്രിൽ ആദ്യവാരത്തെ കണക്കനുസരിച്ച് നാട്ടിലെത്തുന്നതിന് ദുബൈയിൽ നിന്നും 90,000 രൂപ വരെ വേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30,000 രൂപക്ക് വോട്ട് ചെയ്ത് തിരിച്ചു പോകാമായിരുന്നു.
വോട്ട് ചെയ്യാൻ നാട്ടിലെത്തിയാൽ തന്നെ അതും കഴിഞ്ഞ് സമയത്തിന് തിരികെപ്പോയി ജോലിയില്‍ കയറാനാകുമോ എന്ന ആശങ്കയുള്ള പ്രവാസികളുമുണ്ട്. യുദ്ധം രൂക്ഷമായി തിരിച്ച് ജോലി സ്ഥലത്ത് എത്താന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമോയെന്ന ഭീതിയാണ് പലർക്കും. എങ്കിലും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നൊക്കെ വോട്ടര്‍മാരെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വോട്ടര്‍മാരെയും കൊണ്ടുളള വിമാനങ്ങള്‍ നാട്ടിലെത്തുകയായിരുന്നു പതിവ്. തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരെ കണ്ടെത്തി നേരത്തേ ബുക്കിങ്ങും മറ്റും പൂര്‍ത്തിയാക്കാനും സംഘടനകൾ സജീവമായിരുന്നു. എസ്ഐആർ നടപടികൾ പൂർത്തിയാക്കി പരമാവധി വോട്ട് ചേർക്കാനുള്ള ശ്രമങ്ങളും സംഘടനകൾ നടത്തിയിരുന്നു.
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം
മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, ഉദുമ, ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, വടകര, കൊയിലാണ്ടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കൊടുവള്ളി, കുന്ദമംഗലം എന്നിവയടക്കമുള്ള മണ്ഡലങ്ങളില്‍ പ്രവാസി വോട്ട് കുറയുന്നതാണ് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നത്. പ്രവാസി വോട്ടർമാരെ സ്വാധീനിച്ച് വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകൾ ഉറപ്പാക്കിയിരുന്നതും ഇത്തവണ നടക്കില്ലെന്ന വെല്ലുവിളിയുമുണ്ട്.












Click it and Unblock the Notifications