'പ്രശാന്ത് കിഷോറിനെ കുറിച്ച് ആശങ്കയുണ്ട്..പക്ഷേ'..'പികെ'യുടെ കോൺഗ്രസ് പ്രവേശനത്തിൽ ദിഗ്വിജയ് സിംഗ്
ദില്ലി; പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്. പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഇപ്പോഴും ചില സംശയങ്ങളുണ്ടെന്നും എന്നാൽ തുറന്ന മനസാണ് തങ്ങൾക്കുള്ളതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പ്രശാന്ത് കിഷോറിന്റെ 'പുനഃരുജ്ജീവന പദ്ധതികളെ' കുറിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തിയ മുതിർന്ന നേതാക്കളിൽ ഒരാളാണ് ദിഗ് വിജയ് സിംഗ്. മാത്രമല്ല പികെയുടെ പദ്ധതികൾ വിശകലനം ചെയ്യുന്നതിന് സോണിയ രൂപീകരിച്ച പാനലിലേയും അംഗമാണ് സിംഗ്.

കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി പ്രശാന്ത് തയ്യാറാക്കിയ പദ്ധതികൾ ഏറെ മികച്ചതാണെന്ന് സിംഗ് അഭിപ്രായപ്പെട്ടു. സ്റ്റാറ്റസ്റ്റിക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യക്തിയാണ് ദിഗ്വിജയ് സിംഗ്. ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞത്, ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പുതിയതെന്ന് തോന്നിക്കുന്ന ഒന്നുമില്ല. പികെയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ എതിർപ്പൊന്നുമില്ല. ജനങ്ങൾ സ്വീകരിക്കും, എന്നാൽ എത്രത്തോളം, എങ്ങനെ തുടങ്ങിയ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്, സിംഗ് പറഞ്ഞു. പാർട്ടിയിൽ പ്രശാന്ത് കിഷോറിന് നിർണായക പദവികൾ നൽകുന്നതിനോട് കടുത്ത എതിർപ്പുള്ള നേതാക്കളിൽ ഒരാളാണ് ദിഗ് വിജയ് സിംഗ്.
'പ്രശാന്ത് കിഷോറുമായി തനിക്ക് അത്ര അടുത്ത ബന്ധം ഇല്ല, മാത്രമല്ല അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കേണ്ടതായും വന്നിട്ടില്ല. പ്രശാന്ത് കിഷോർ ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്. കോൺഗ്രസിന്റ തിരിച്ചുവരവിനായി ഒരു പദ്ധതിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് അദ്ദേഹം എളുപ്പം ചേക്കേറുകയാണ്. അതുകൊണ്ട് തന്നെ പ്രശാന്ത് കിഷോറിനെ സംബന്ധിച്ച് രാഷ്ട്രീയ പ്രതിബദ്ധതയോ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ ഇല്ല. പികെയ്ക്ക് ഐ -പാക് എന്ന സ്ഥാപനം ഉണ്ട്, മറുവശത്ത് പ്രശാന്ത് കിഷോർ എന്ന വ്യക്തിയും. പശ്ചിമ ബംഗാളിൽ മമത ബാനർജിയ്‌ക്കൊപ്പവും ആന്ധ്രാപ്രദേശിൽ ജഗനൊപ്പം (മോഹൻ റെഡ്ഡി), തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കൊപ്പവും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം നേതാക്കളുടെ ആശങ്കകളാണ്. എന്നാൽ കോൺഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാൻ അവതരിപ്പിച്ച നിർദ്ദേശങ്ങൾ പക്ഷേ മികച്ചതാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്. പ്രശാന്ത് കിഷോറിന് എന്ത് പദവി നൽകും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഇടപെടലുകൾ എങ്ങനെയാകും എന്നതെല്ലാമാണ് നേതാക്കളുടെ ആശങ്ക. കോൺഗ്രസ് എന്നത് വലിയൊരു പ്രസ്ഥാനമാണ്. തീർച്ചയായും നേതാക്കൾക്ക് ആശങ്ക കാണും. എന്തായാലും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് അന്തിമ നിലപാട് കൈക്കൊള്ളുകയെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.പാർട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചില നയങ്ങളും ചട്ടക്കൂടുകളുമുണ്ട്. അതിനനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ സാധിക്കൂ. പാർട്ടിയിൽ തിരഞ്‍ഞെടുപ്പ് നടക്കാനുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രമാകും നേതൃത്വം തിരുമാനത്തിലേ്ക് കടക്കുക., സിംഗ് വ്യക്തമാക്കി. അതേസമയം ഉടൻ തന്നെ പ്രശാന്ത് പാർട്ടിയിൽ ചേർന്നക്കുമെന്ന് തന്നെയാണ് ഭൂരിഭാഗം നേതാക്കളും വിലയിരുത്തുന്നത്.
Recommended Video
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേപ്പിന് നിരവധി നിർദ്ദേശങ്ങളാണ് പ്രശാന്ത് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷയായി സോണിയ തുടർന്ന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആകണമെന്നാണ് നിർദ്ദേശം. രാഹുൽ ഗാന്ധിയെ പാർലമെന്ററി ബോർഡ് ചീഫായും നിയമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ വർക്കിംഗ് പ്രസിഡന്റ് എന്ന സംവിധാനം പാർട്ടിയിൽ ഇല്ലന്നാണ് ദിഗ് വിജയം സിംഗ് പ്രതികരിച്ചത്.












Click it and Unblock the Notifications