'പല്ലൊക്കെ ശരിയാക്കും, എത്ര പൈസയായാലും പ്രശ്നമില്ല, ഞാനേറ്റു: മഹേഷ് കുഞ്ഞുമോനെ ചേർത്ത് പിടിച്ച് ഗണേഷ്
നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് കെബി ഗണേഷ് കുമാർ എംഎല്‍എ. ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് നിലവില്‍ മഹേഷ് കുഞ്ഞുമോന്‍. വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യ സ്ഥിതി പഴയനിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും. ഇതിനിടയ്ക്കാണ് കെബി ഗണേഷ് കുമാർ താരത്തെ വീട്ടിലെത്തി സന്ദർശിക്കുന്നതും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും.
ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കലാകാരന്‍ കലാഭവന്‍ മണിയായിരുന്നു. അതിന് ശേഷം ഇഷ്ടമുള്ളവരാണ് കോട്ടയം നസീറും മഹേഷ് കുഞ്ഞുമോനുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. അത്തരത്തിലുള്ള ഒരാള്‍ക്ക് ഒരു ആപത്ത് വന്നാല്‍ നേരില്‍ വന്ന് കാണമല്ലോ. എല്ലാത്തിനും പരിഹാരം ഉണ്ടാവും. കലാരംഗത്തേക്ക് ശക്തമായി തിരിച്ച് വരാന്‍ സാധിക്കുമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

'പല്ലിനെ പറ്റിയൊന്നും വിഷമിക്കേണ്ടതില്ല. പല്ലൊക്കെ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഞാന്‍ വെച്ച് തരും. എറ്റവും നല്ല ആശുപത്രിയില്‍ തന്നെ ചികിത്സ നടത്തും. പണത്തെപ്പറ്റി നിങ്ങള്‍ ചിന്തിക്കുകയേ വേണ്ട. അത് ഞാനേറ്റു. ഡോക്ടർമാരുമായി ഇന്ന് തന്നെ ബന്ധപ്പെടും. മഹേഷ് ഇപ്പോള്‍ സമാധാനപരായി ഇരിക്കുകയാണ് വേണ്ടത്'- കെബി ഗണേഷ് കുമാർ പറഞ്ഞു.
മഹേഷിന്റെ പരിപാടികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ്. പത്തനാപുരത്ത് വെച്ച് നേരില്‍ കണ്ടു. പൊതുവെ എന്നെ അനുകരിക്കുന്നവർ കുറവാണ്. എല്ലാ ഒരോ സമയ മോശങ്ങളാണ്. വിഷമിക്കേണ്ട യാതൊരു സാഹചര്യവുമില്ല. നല്ല ചികിത്സ തന്നെ ലഭിക്കും. മനസ്സിന് ധൈര്യമാണ് വേണ്ടത്. ഞാന്‍ വെറുതെ പറയുന്നതല്ല. ശരിയാക്കും എന്ന് പറഞ്ഞാല്‍ ശരിയാക്കി തരും. പഴയ ആളായി തിരിച്ച് വരണം. വീടൊക്കെ എന്നിട്ട് പതിയെ വെക്കാം. കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള മഹേഷിന്റെ മനസ്സ് തന്നെയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

വളരെ കൃത്യമായ ചികിത്സ നടത്തണം. ഒരു മിമിക്രി ആർട്ടിസ്റ്റെന്ന രീതിയില്‍ അത് വളരെ പ്രധാനപ്പെട്ടതാണ്. അമൃതയിലൊക്കെ നല്ല ഡോക്ടറാണ്. അവരുമായി ഞാന്‍ തന്നെ നേരിട്ട് തന്നെ സംസാരിക്കും. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിർബന്ധമാണ്. പുറകിലാണ് ഇരിക്കുന്നതെങ്കിലും ഞാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറുണ്ടെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
അപകടത്തിന് ശേഷമുള്ള മഹേഷിന്റെ വീഡിയോ കാണുന്നത് കഴിഞ്ഞ ദിവസമാണ്. അത് കണ്ടപ്പോള്‍ വലിയ വിഷമമായി. അപ്പോള്‍ തന്നെ അദ്ദേഹത്തെ കാണണമെന്ന് തോന്നി. എന്റെ ഭാഗത്ത് നിന്നാണെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്നാണെങ്കിലും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. ഒരു ആശങ്കയും വേണ്ട. എത്ര തുക ചിലവ് വരുന്ന ചികിത്സയാണെങ്കിലും അത് ചെയ്യിക്കും. ഈ വിഷയം മുഖ്യമന്ത്രിയോടും സ്പീക്കറോടും സംസാരിക്കുമെന്നും ഷംസീർ വിളിക്കുമെന്നും കെബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം നിലവിലെ ആരോഗ്യ സ്ഥിതിയും ഇനി ചെയ്യാനുള്ള കാര്യങ്ങളും മഹേഷ് കുഞ്ഞുമോന്‍ കെബി ഗണേഷ് കുമാറിനോട് വ്യക്തമാക്കി. അന്ന് എന്താണ് നടന്നതെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. സുധിയേട്ടന്‍ വാഹനത്തിന്റെ മുന്നിലായിരുന്നു ഇരുന്നത്. എയർബാഗ് പ്രവർത്തിച്ചെങ്കിലും അദ്ദേഹം ഡാഷ് ബോർഡില്‍ പോയി ഇടിച്ചെന്നാണ് മനസ്സിലാക്കുന്നതെന്നും മഹേഷ് പറഞ്ഞു.
അപകടത്തില്‍ താരത്തിന്റെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. എന്നാല്‍ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്നും മഹേഷ് കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications