'വിനയനെക്കൊണ്ട് സിനിമ ചെയ്യിക്കില്ലെന്ന തീരുമാനത്തിനൊപ്പം മമ്മൂട്ടിയും', പിന്നീട് സംഭവിച്ചത് പറഞ്ഞ് വിനയൻ
കൊച്ചി: നടന്‍ ദിലീപും തുളസീദാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ മലയാള സിനിമാ രംഗത്ത് നിന്ന് ഒരുകാലത്ത് വിലക്കി മാറ്റി നിര്‍ത്തപ്പെട്ടിരുന്നു സംവിധായകന്‍ വിനയന്‍. ഈ വിലക്കിന്റെ പേരില്‍ താരസംഘടനയായ അമ്മ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ വിനയന്റെ നീക്കി ഉത്തരവിട്ടിരുന്നു.
അന്ന് അമ്മ സംഘടന തന്നെ വിലക്കിയപ്പോള്‍ മമ്മൂട്ടി നിന്നത് ആ തീരുമാനത്തിനും സംഘടനാ നേതൃത്വത്തിനും ഒപ്പമായിരുന്നു എന്ന് വിനയന്‍ പറയുന്നു. എന്നാല്‍ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ മമ്മൂട്ടി അമ്മ യോഗത്തില്‍ പ്രതികരിച്ചു. മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനയന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വിനയൻ പറയുന്നു: '' എഴുപതിൻെറ തികവിലും നിറയൗവ്വനത്തിൻെറ തിളക്കം... കാലം നമിക്കുന്ന പ്രതിഭാസത്തിന്.. പ്രിയമുള്ള മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.. തൻെറ നടനവൈഭവം കൊണ്ട് മനുഷ്യമനസ്സുകളെ കീഴടക്കിയ അഭിനയപ്രതിഭകൾ കേരളത്തിലും, ഇന്ത്യയിലും പലരുമുണ്ട്... പക്ഷേ സപ്തതി ആഘോഷ വേളയിലും.. സിനിമയിലെ മാസ്സ് ഹീറോ ആയി നിലനിൽക്കാൻ കഴിയുക എന്നത് അത്ഭുതമാണ് അസാധാരണവുമാണ്. ഞാൻ രണ്ടു സിനിമകളേ ശ്രീ മമ്മുട്ടിയേ വച്ചു ചെയ്തിട്ടുള്ളു "ദാദാസാഹിബും" "രാക്ഷസ രാജാവും". ആ രണ്ടു സിനിമയും വളരെ എൻജോയ് ചെയ്തു തന്നെയാണ് ഞങ്ങൾ ഷൂട്ടു ചെയ്തതും പുർത്തിയാക്കിയതും.

ഷൂട്ടിംഗ് സെറ്റിൽ ആക്ഷൻ പറയുമ്പോൾ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മുട്ടിയുടെത് ദാദാസാഹിൻെറ സീനാണ് എടുക്കുന്നതെങ്കിൽ രാവിലെ സെറ്റിൽ എത്തുമ്പോൾ മുതൽ ആ കഥാപാത്രത്തിൻെറ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക.. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെൻകിൽ മമ്മുക്കയുടെ പെരുമാറ്റത്തിലും ആ നർമ്മമുണ്ടാകാം.. രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു..

മമ്മുട്ടിയും, മോഹൻലാലും.. ഈ രണ്ടു നടൻമാരും മലയാളസിനിമയുടെ വസന്തകാലത്തിൻെറ വക്താക്കളാണ്.. മലയാള സിനിമാ ചരിത്രം സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തുന്ന അദ്ധ്യായങ്ങളാണ് അവരുടെത്.. ഈ കൊച്ചു കേരളത്തിൻെറ സിനിമകൾക്ക് ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകൾക്കിടയിൽ ബഹുമാന്യത നേടിത്തന്നതിൻെറ ആദ്യ ചുവടുവയ്പുകൾ മമ്മുട്ടി എന്ന മഹാനടനിൽ നിന്നായിരുന്നു എന്നു നിസ്സംശയം പറയാം..

അതിനു ശേഷം സംഘടനാ പ്രശ്നമുണ്ടായപ്പോൾ, ചില വ്യക്തികളുടെ അസൂയമൂത്ത കള്ളക്കളികളിൽ വീണുപോയ സംഘടനാ നേതാക്കൾ ഇനി മേലിൽ വിനയനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോൾ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മുക്ക നിന്നത് എന്നതൊരു സത്യമാണ്.. ഭീഷ്മ പിതാമഹൻ നീതിയുടെ ഭാഗത്തേ നിൽക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ? എന്നു വേദനയോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്.. പക്ഷേ അതൊരു സംഘടനാ പ്രശ്നമായിരുന്നു... അതിന് അതിൻേറതായ രാഷ്ട്രീയമുണ്ടായിരുന്നു. എന്നു ഞാൻ ആശ്വസിച്ചു.. അതായിരുന്നു യാഥാർത്ഥ്യവും..

പക്ഷേ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ... നുണക്കഥകളെ തള്ളിക്കൊണ്ട് സൂപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോൾ.. അമ്മയുടെ ജനറൽ ബോഡിയിൽ അന്ന് അമ്മയുടെ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മുട്ടി തന്നെ പറഞ്ഞു.. വിനയനെ വിലക്കിയതു ശരിയായില്ല.. ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്... അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യൻെറ സ്വഭാവം.. ഞാനതിനെ അംഗീകരിക്കുന്നു.. ആദരിക്കുന്നു... വാക്കുകൾ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാർത്ഥതയോ സ്നേഹമോ കണികപോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടൻമാരെ അടുത്തറിയുന്ന ആളെന്ന നിലയിൽ ഞാൻ പറയട്ടെ...

വലിയ സ്നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മമ്മുക്കയേ ഞാൻ ബഹുമാനിക്കുന്നു.. അതു മാത്രമല്ല.. നമ്മുടെ നാട്ടിലെ ദുരിതമനുഭവിക്കുന്ന നിരവധി ആത്മാക്കൾക്ക് അവരുടെ വേദന അകറ്റാൻ, അവരെ സഹായിക്കാൻ.. അങ്ങയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും ഈ നാടു മറക്കില്ല.. പ്രിയ മമ്മുക്ക... ഇനിയും പതിറ്റാണ്ടുകൾ ഈ സാംസ്കാരിക ഭൂമികയിൽ നിറ സാന്നിദ്ധ്യമായി തിളങ്ങി നിൽക്കാൻ അങ്ങയ്കു കഴിയട്ടെ..ആശംസകൾ... അഭിനന്ദനങ്ങൾ..''












Click it and Unblock the Notifications