കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂക്കുപാലം അപകടാവസ്ഥയില്‍; മാതോത്ത് പൊയില്‍ക്കാരുടെ യാത്ര ജീവന്‍ പണയം വെച്ച്

  • By Desk
Google Oneindia Malayalam News

പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ മാതോത്ത് പൊയിലിലെ തൂക്ക്പാലം അറ്റകുറ്റപ്പണിയുടെ അഭാവത്തില്‍ അതീവ ഗുരതരാവസ്ഥയില്‍. ജനങ്ങളുടെ യാത്ര ജീവന്‍ പണയപ്പെടുത്തി. വര്‍ഷകാലം തുടങ്ങിയതോടെ പാലത്തിലൂടെയുള്ള യാത്ര ഏറെ ഭീതിജനകമായിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ കടന്നുപോകേണ്ട പാലത്തിന്റെ ശോചനീയാവസ്ഥ തിരിച്ചറിഞ്ഞിട്ടും അധികൃതര്‍ മൗനം നടിക്കുകയാണ്. മാതോത്ത് പൊയിലില്‍ തൂക്കുപാലം നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. വര്‍ഷകാലമായാല്‍ പുഴയില്‍ വെള്ളം കുത്തിയൊലിച്ച് തുടങ്ങും.

mathoth

മാതോത്ത് പൊയിലിലെ അപകടാവസ്ഥയിലായ തൂക്കുപാലം

ആ സമയത്ത് പ്രദേശവാസികള്‍ക്ക് പുറംലോകം തൊടാന്‍ മറ്റുവഴികളില്ലാതെ വരുമ്പോള്‍ ഉപയോഗിക്കുന്നതിനായിട്ടായിരുന്നു തൂക്കുപാലം നിര്‍മ്മിച്ചത്. ഒരു പതിറ്റാണ്ട് പഴക്കമുള്ള തൂക്കുപാലം ഉദ്ഘാടനം ചെയ്തതിന് ശേഷം നാളിതുവരെയായി ഒരുതരത്തിലുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. യഥാസമയം അറ്റകുറ്റപ്പണിയും പെയിന്റിംഗും മറ്റും നടത്താത്തതിനാല്‍ ഇരുവശങ്ങളിലുള്ള കമ്പിവേലി ദ്രവിച്ച് ഇളകിയാടുന്ന അവസ്ഥയിലാണ്. മഴക്കാലം തുടങ്ങിയതോടെ പാലത്തിലൂടെ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ് പ്രദേശവാസികള്‍. വലിയ ഇരുമ്പ്പാളിയിള്‍ കട്ടിയുള്ള കമ്പികള്‍ ഘടിപ്പിക്കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. എന്നാല്‍ ഈ കമ്പികളും മഴയും വെയിലുമേറ്റ് തുരുമ്പെടുത്തിരിക്കുകയാണ്. ഈ കമ്പികള്‍ പൊട്ടിയാലും പാലം നിലംപതിക്കും. മഴയും വെയിലും കൊണ്ട് നില്‍ക്കുന്നതിനാല്‍ തന്നെ വര്‍ഷം തോറും പെയിന്റടിച്ചാണ് സാധാരണ തൂക്കുപാലങ്ങളെ സംരക്ഷിച്ചുപോരാറുള്ളത്. എന്നാല്‍ പത്ത് വര്‍ഷത്തിനിടെ ഈ ഭാഗത്തേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നതാണ് സത്യം. കാല്‍നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. പുഴയുടെ ഇരുവശങ്ങളിലുമായി ഇടതൂര്‍ന്ന് നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ പാലത്തിനുള്ളിലേക്ക് പടര്‍ന്നുകഴിഞ്ഞു. യാത്ര ചെയ്യുമ്പോള്‍ ഇല്ലിക്കമ്പും മറ്റും ശരീരത്തില്‍ തട്ടുന്നതും പതിവായി കഴിഞ്ഞു. സഞ്ചാരികളെയും പ്രദേശവാസികളെയും ഏറെ ആകര്‍ഷിച്ചിരുന്ന ജില്ലയിലെ തൂക്കുപാലമായിരുന്നു മാതോത്ത് പൊയിലിലേത്. 2017 ഫെബ്രുവരിയില്‍ പാലത്തില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പ്രദേശത്തെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

ബര്‍മ്മ താഴെപുന്നത്തില്‍ ഷംസുദ്ദീന്റെ മകന്‍ ജസിം(13), ഷംസുദ്ദീന്റെ സഹോദരന്‍ കൈതക്കല്‍ താഴെപുന്നത്തില്‍ സത്താറിന്റെ മകള്‍ ദില്‍ഷാന ഫാത്തിമ(13) എന്നിവരായിരുന്നു മരിച്ചത്. ഷംസുദ്ദീന്റെ മറ്റൊരു സഹോദരന്‍ നൂറുദ്ദീന്റെ മകള്‍ ഫാത്തിമ(14)യെ നാട്ടുകാരാണ് അന്ന് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ കുടുംബാംഗങ്ങളോടൊപ്പം തൂക്കുപാലം കാണാനെത്തിയതായിരുന്നു. ഈ സംഭവത്തിന് ശേഷം പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികാരികള്‍ കണ്ടഭാവം നടിച്ചില്ല. ജില്ലയിലെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ തൂക്കുപാലത്തെ ആശ്രയിക്കുന്ന കുരുന്നുകളുടെ ജീവന്‍ സംരക്ഷിക്കാനെങ്കിലും അടിയന്തരമായി തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി അപകട സാധ്യത ഒഴിവാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

English summary
mathoth poyil hanging bridge in danger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X