പരമാവധി ഒരു ലക്ഷം രൂപയും 10 പവനും, വിനിയോഗവകാശവും വധുവിന് മാത്രം; സ്ത്രീധന നിരോധനചട്ടം പരിഷ്‌കരിക്കും
തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. വിവാഹത്തിന് മുന്‍പ് വധൂ വരന്‍മാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതും വധുവിന് രക്ഷിതാക്കള്‍ വിവാഹത്തിനായി നല്‍കുന്ന സമ്മാനത്തില്‍ നിയന്ത്രണം ഉള്‍പ്പടെ ഏര്‍പ്പെടുത്തിയും ആണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന വനിത കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം.
കൊല്ലം നിലമേലിലെ വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആണ് വനിതാ കമ്മീഷന്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് തുടങ്ങിയത്. വിവാഹ സമയത്ത് വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നത് അടക്കമുള്ള നിബന്ധനകള്‍ ആണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.

25,000 രൂപയില്‍ കൂടാന്‍ പാടില്ല
മാത്രമല്ല വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല എന്നും വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം ആയിരിക്കണം എന്നും നിര്‍ദേശമുണ്ട്. വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം എന്നും ശുപാര്‍ശയിലുണ്ട്.

സമ്മര്‍ദ്ദം വിജയിക്കുന്നു
സംസ്ഥാന വനിതാ കമ്മിഷന്‍ പരിഷ്‌കരണ ശുപാര്‍ശകള്‍ നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് പുറത്ത് വിടുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വനിതാ കമ്മീഷനും വനിതാവകാശ സംഘടനകളും ഇക്കാര്യത്തില്‍ തുടര്‍ നടപടി വേണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടപടി വേഗത്തിലാക്കുന്നത്.

ചര്‍ച്ചകള്‍ തുടങ്ങി
ഇത് സംബന്ധിച്ച അഭിപ്രായ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ ഭരണവകുപ്പിനോടും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് വകുപ്പുകളുമായും ആലോചിച്ച ശേഷം ഭേദഗതിയുടെ കരട് നിയമവകുപ്പിന് അയക്കും. നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥകളും നടപ്പിലാക്കാന്‍ കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടി വരും.

സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം
അതിനാല്‍ ഇവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വേണ്ടിയും അയക്കും. ഇത് കൂടാതെ ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണം എന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഇതുവരെ നടപ്പായിട്ടില്ല.












Click it and Unblock the Notifications