ടിപിആര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കും: മുഖ്യമന്ത്രി
ദില്ലി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി പി ആര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടരലക്ഷം പരിശോധനകള്‍ കൂടുതലായി നടത്തും. വാര്‍ഡ് തല സമിതിക്കൊപ്പം വാര്‍ഡ് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമ്പര്‍ക്കാന്വേഷണവും ടെസ്റ്റിംഗും ഉള്‍പ്പെടെ ജില്ലാതലത്തില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൃത്യസമയത്ത് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ശ്രദ്ധിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കനുസൃതമായി ആദ്യ ഡോസ് വാക്‌സിന്‍ ആളുകളില്‍ എത്തിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളും കൈക്കൊള്ളും. സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സ്വകാര്യ ആശുപത്രികള്‍ മുഖേന വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വരുന്നുണ്ട്. ഇക്കാര്യം നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കും.
കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം.
നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
Recommended Video
കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications