പികെ നവാസിനെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കില്ല; പിന്നില്‍ സിപിഎം എന്ന് മുനീര്‍, മറ്റൊരു നേതാവിന് നോട്ടീസ്
കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്ത എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എംകെ മുനീര്‍ എംഎല്‍എയുടെ പിന്തുണ. നവാസിനെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റുണ്ടായ സാഹചര്യത്തില്‍ നടപടിയെ കുറിച്ച് ആലോചിക്കുന്നില്ല. ഹരിതയുടെ പരാതി ആയുധമാക്കുകയാണ് ചെയ്യുന്നത്. മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നും എംകെ മുനീര്‍ പറഞ്ഞു. നവാസിനെ അറസ്റ്റ് ചെയ്ത പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. സത്യം തെളിയുമെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും നവാസ് പ്രതികരിച്ചു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിന് പോലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വെള്ളയില്‍ പോലീസിനാണ് വനിതാ കമ്മീഷന്‍ ഹരിതയുടെ പരാതി കൈമാറിയിരുന്നത്. ചെമ്മങ്ങാട് എസ്‌ഐ അനിത കുമാരിക്കാണ് അന്വേഷണ ചുമതല. വഹാബ് എത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

അതേസമയം, വിവാദമായ യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ എംഎസ്എസ് സംസ്ഥാന ജനല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മിനുട്‌സ് ഹാജരാക്കേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. കേസിന്റെ വിചാരണ ഘട്ടത്തില്‍ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നാണ് എംഎസ്എഫ് കരുതുന്നത്. തുടര്‍ നടപടികള്‍ മുസ്ലിം ലീഗ് നേതൃത്വുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. യോഗത്തിന്റെ മിനുട്‌സില്‍ കേസിന് ബലം നല്‍കുന്ന ഒന്നുമില്ല എന്നാണ് വിവരം. വാക്കേറ്റത്തില്‍ കലാശിച്ചുവെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം യോഗം നിര്‍ത്തിവയ്ക്കുന്നു എന്നാണ് മിനുട്‌സിലുള്ളത്.
ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച് നേരത്തെ എംകെ മുനീര്‍ രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഒരു രീതിയില്‍ മാത്രമേ കാണാനാകൂ. നേതൃത്വം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. ഹരിതയിലെ വിഷയങ്ങളില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഹരിത വിഷയത്തില്‍ അച്ചടക്ക ലംഘനം നടന്നിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ തീരുമാനം അന്തിമമാണെന്നും മുനീര്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ചില ഹരിത ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. ഹരിതയുടെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ബുധനാഴ്ചയാണ് മുസ്ലിം ലീഗ് നേതൃത്വം പിരിച്ചിവിട്ടത്. ഭാരവാഹികള്‍ അച്ചടക്കം ലംഘിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാത്ത ഹരിതയുടെ കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. പാര്‍ട്ടിയില്‍ പരിഹാരമില്ലാത്തതിനെ തുടര്‍ന്ന് 10 ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം ഹരിത തള്ളിയതാണ് നടപടിക്ക് കാരണം.












Click it and Unblock the Notifications