'എത്ര കഥ മെനഞ്ഞാലും': സ്റ്റാലിന്റെ ഓണാശംസ സംഘപരിവാറിനുള്ള മറുപടിയോ? ആശംസകളുമായി പ്രമുഖർ
തിരുവനന്തപുരം: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൌപതി മുർമു, രാഹുല്‍ ഗാന്ധി, സീതാറാം യച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തുടങ്ങിയവരെല്ലാം ആശംസകളുമായി രംഗത്ത് എത്തിയിവരിലുണ്ട്.
"ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ നേരുന്നു. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും ഊട്ടിയുറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ."- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ.

"ഓണത്തിന്റെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകളും നന്മകളും നേരുന്നു'' എന്നായിരുന്നു രാഷ്ട്രപതിയുടെ ഓണാശംസ. വിളവെടുപ്പിന്റെ അടയാളമായി ആഘോഷിക്കുന്ന ഓണം, നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കാനും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. കേരളത്തിലെ ജനങ്ങൾ അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു പോരുന്നു . പരസ്പര സഹകരണവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ഉത്സവം. ഈ അവസരത്തിൽ, ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ സമ്പന്നവും മഹത്വപൂർണ്ണവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

മലയാളത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഓണം ആശംസിച്ചിരിക്കുന്നത്. 'പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ ഓണാശംസകൾ!''- എംകെ സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല. ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താമെന്നും സ്റ്റാലിന്‍ കുറിച്ചു.

അതേസമയം, എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ലെന്ന വാക്കുകള്‍ ഓണത്തെ വാമനജയന്തിയായി മാറ്റാനുള്ള സംഘപരിവാർ ശ്രമങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായും വിലയിരുത്തപ്പെടുന്നുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ചെന്നൈയിലും ഓണദിനത്തിൽ തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

രാഹുല്‍ ഗാന്ധി തിരുവോണ ആസംശംകള്‍ നേർന്നുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചപ്പോള്‍ 'ഏവർക്കും ഓണാശംസകൾ ! ആഘോഷിക്കാനും നന്മകൾ പങ്കുവക്കാനും കൂടുതൽ മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാനായുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള ദിനം.സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം'-എന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications