നിങ്ങള്‍ക്ക് നാണമില്ലേ....? കന്യാസ്ത്രീ വിഷയത്തിലെ രോഷം... ക്ഷമ ചോദിച്ച് മോഹന്‍ലാല്‍, കാരണം
Recommended Video

കൊച്ചി: കേരളത്തില്‍ സജീവ ചര്‍ച്ചയായ വിഷയമാണ് കന്യാസ്ത്രീകള്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന സമരം. ബിഷപ്പിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അറസ്റ്റുണ്ടാകുമെന്നുമെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. ഒട്ടേറെ പ്രമുഖര്‍ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം പിന്തുണ പ്രഖ്യാപിച്ചു.
ഈ വേളയിലാണ് നടന്‍ മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. വളരെ മോശമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. അപ്പോള്‍ മറുപടി പറയാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും നടന്‍ പറയുന്നു...

കന്യാസ്ത്രീ സമരം
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുന്നത്. ഇതിനോടുള്ള പ്രതികരണമാണ് മാധ്യമങ്ങള്‍ മോഹന്‍ലാലിനോട് തേടിയത്. മോഹാന്‍ലാലിനെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

നിങ്ങള്‍ക്ക് നാണമുണ്ടോ
നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍. നല്ല ഒരു കാര്യം പറയുമ്പോള്‍... കന്യാസ്ത്രീകള്‍ക്ക് എന്തു ചെയ്യണം, അതും ഇതുമായിട്ട് എന്താ ബന്ധം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാലോ, ഇതൊക്കെയാണോ... അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോള്‍- എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

പ്രതികരണങ്ങള്‍ ഇങ്ങനെ
ഇതിനെതിരെ ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ പരിസരം വിട്ടു പെരുമാറിയെന്നായിരുന്നു ചിലരുടെ പ്രതികരണം. അദ്ദേഹത്തിന് ഉചിതമായ മറുപടി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ ചോദ്യം ഉന്നയിച്ചുവെന്ന് പ്രതികരിച്ചവരുമുണ്ട്.

ആരെയെങ്കിലും വേദനിപ്പിക്കണമെന്ന്
ഏതായാലും വിവാദമായ പശ്ചാത്തലത്തില്‍ നടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്. കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതു കൊണ്ട് ആ ചോദ്യം പ്രസക്തമാണെന്ന് മോഹന്‍ലാല്‍ ഇന്ന് വ്യക്തമാക്കി. ഉത്തരം നല്‍കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു. തന്റെ ഉത്തരം ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ...

സുഹൃത്തേ,
എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.

ഒരുപാട് സഹായങ്ങള്‍
എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് 'വിശ്വശാന്തി'. നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.

ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് നിങ്ങള്‍
അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്.

ആ വേളയില്‍
മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്. കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍.

ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും
ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്. അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്.

മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി
ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ... എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ..... എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ്, നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടിപറയേണ്ടതുമാണ്...
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍


Click it and Unblock the Notifications