ഞായറാഴ്ചയോടെ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; കാലവർഷം സജീവമാകും
തിരുവനന്തപുരം: ഞായറാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത.വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സാധാരണ രീതിയിൽ മഴ തുടരും.
ഞായറാഴ്ച 3 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.തിങ്കളാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 55 ശതമാനമാണ് സംസ്ഥാനത്ത് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 280.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നുത്. എന്നാൽ ഇതുവരെ 126 മി.മീറ്റർ മഴയാണ് ലഭിച്ചത്. പത്തനംതിട്ടയിൽ മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ചത്. ബാക്കിയുള്ള 13 ജില്ലകളിലും ലഭിച്ച മഴ കുറവാണ്.
ബിപോർജോയ് ചുഴലിക്കാറ്റ് കാരണം വരുന്ന കുറച്ച് ദിവസത്തേക്ക് കൂടി മഴ ലഭിക്കുന്നതിൽ കുറവും ഉണ്ടായേക്കാം എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ജൂൺ 19വരെ പുറപ്പെടുവിച്ച പ്രവചനത്തിൽ സാധാരണ മഴ ലഭിക്കാൻ മാത്രം ആണ് സാധ്യതയുള്ളത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായി മഴയ്ക്ക് സാധ്യതയുണ്ട്.
ഗുജറാത്ത് തീരങ്ങളിൽ നാശംവിതച്ച ബിപർജോയി ചുഴലിക്കാറ്റ് ഇപ്പോൾ രാജസ്ഥാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തെക്കൻ രാജസ്ഥാനിലേക്കാണ് ബിപർജോയി നീങ്ങുന്നത്.
ബിപർജോയി ദുർബലമാകുന്നതായാണ് റിപ്പോർട്ട്. ബിപോർജോയ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദം ആയിട്ടായിരിക്കും രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്. രാത്രിയോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ജലോർ, ബാർമർ എന്നിവിടങ്ങളിലുൾപ്പെടെ രാജസ്ഥാനിൽ പല ജില്ലകളും ശക്തമായ മഴയാണ്.
പല ജില്ലകളിലും കനത്ത മഴയാണ്. ജയ്പൂർ, കോട്ട, ഭരത്പൂർ, ഉദയ്പൂർ, അജ്മീർ, ജോധ്പൂർ, ബിക്കാനീർ എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ എട്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതുകൊണ്ട് ജൂൺ 16, 17 തീയതികളിൽ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളതെന്ന് ഐ എം ഡി ഡയറക്ടർ ജനറൽ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.












Click it and Unblock the Notifications