റിയാസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്; 'ഇഡി തിരക്കഥയ്ക്ക് അവാര്‍ഡ് നല്‍കണം'
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇഡിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസ് സ്വന്തമായി വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്. സംസ്ഥാന സെക്രട്ടറിയെ മറികടന്ന് സ്വന്തമായി മാധ്യമങ്ങളെ കാണുന്നത് ഉചിതമല്ല എന്നാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പുറമെ, വിശാല സംസ്ഥാന സമിതി യോഗം അവസാനിക്കുന്നതിന് മുമ്പും റിയാസ് മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞതുമില്ല.
അതിനിടെ റിയാസിന്റെ സുഹൃത്തിന്റെ ബാങ്ക് ലോക്കര്‍ ഇഡി പരിശോധിച്ചു. ഇതില്‍ കണ്ടെത്തിയ സ്വര്‍ണം സഹോദരിയുടേതാണ് എന്നാണ് ഇയാള്‍ ഇഡിയെ അറിയിച്ചത്. ഇക്കാര്യം ഇഡി വിശദമായി പരിശോധിക്കുമെന്നാണ് വിവരം. അതേസമയം, ഇഡിയുടെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കണം എന്നാണ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞത്.

നല്ല സ്‌ക്രിപ്റ്റാണ് അവര്‍ തയ്യാറാക്കുന്നത്. ഇതെഴുതിയ ആള്‍ക്ക് അവാര്‍ഡ് നല്‍കണം. ഹവാല ഇടപാട് നടത്തിയതായി വീണ സമ്മതിച്ചെന്ന വാര്‍ത്ത പച്ചക്കള്ളമാണ്. അങ്ങനെയൊരു മൊഴി വീണ നല്‍കിയിട്ടില്ല. മൂന്ന് തവണ വീണയെ ഇഡി ചോദ്യം ചെയ്തു. അതിലൊന്നും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉണ്ടായിട്ടില്ല. എന്നിട്ടും സമ്മതമൊഴിയെന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ്.
ബേപ്പൂര്‍ മണ്ഡലത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ അസ്വാഭാവികതയില്ല. വികസന കാര്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെക്കാന്‍ എംഎല്‍എമാര്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാറുണ്ട്. അതില്‍ എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടും. അതിലെ ചാറ്റ് ഉള്‍പ്പെടെ പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. ഭാവി ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പ്ലാനാണ് വീണ എഴുതിയത്. ആ കടലാസാണ് റെഡ് ബുക്ക് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടു നടന്നിട്ടില്ല.
ഇതു സംബന്ധിച്ച ഇ ഡി യുടെ ചോദ്യങ്ങള്‍ക്ക് വീണ കൃത്യമായ മൊഴി നല്‍കിയിട്ടുണ്ട്. അതിന് കള്ളപ്പണവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും അതില്‍ പരാമര്‍ശിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. അവരാരും ഇത് ഹവാല കള്ളപ്പണ ഇടപാടാണെന്ന് പറഞ്ഞിട്ടില്ല. റെയ്ഡില്‍ എടുത്ത കാര്യ ങ്ങള്‍ക്കടിയില്‍ ഒപ്പിടുക എന്ന സ്വാഭാവിക നടപടിയെയാണ് സമ്മതമൊഴിയായി പ്രചരിപ്പിക്കുന്നത്.
കടലാസിലുള്ള കാര്യങ്ങളെ തിരക്കഥയാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് ഇഡി ശ്രമിക്കുന്നത്. ഇഡിയെ പോലെ നിയമ സംവിധാനത്തെ പരിഹസിക്കാനും അപമാനിക്കാനുമില്ല. തെളിവെന്ന നിലയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സമൂഹമധ്യേ അപമാനിക്കാനാണ് ശ്രമം. അതിനെ നിയമപരമായി നേരിടും. ബിജെപി ഇതര നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന്റെ പേരില്‍ ഇത്തരം വ്യക്തിഹത്യ ഇഡിയുടെ സ്ഥിരം രീതിയാണ്- റിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.




Click it and Unblock the Notifications
