ബേബി ഡാമിലെ മരം മുറി; വനംവകുപ്പ് നിര്‍ദേശിച്ചതിന്റെ രേഖകളും പുറത്ത്, കളികള്‍ പലത്...
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ പാട്ടഭൂമിയിലെ മരങ്ങള്‍ മുറിക്കാനുള്ള വിവാദ ഉത്തരവ് സംബന്ധിച്ച് സര്‍ക്കാരിന്റെ കൂടുതല്‍ ഒളിച്ചുകളി പുറത്ത്. വനംവകുപ്പ് നേരിട്ട് നിര്‍ദേശിച്ചത് പ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ജൂലൈ 13ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ നിര്‍ദേശിക്കുന്നുണ്ട്. മരങ്ങള്‍ മുറിക്കാന്‍ സുപ്രിംകോടതി വിധി അനുസരിച്ച് നടപടിയെടുക്കണമെന്നും വിശദമായ നടപടി റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മരംമുറിക്കാന്‍ അനുമതിയാവശ്യപ്പെട്ട് 2020 സെപ്റ്റംബര്‍ മൂന്നിന് തമിഴ്നാട് പൊതുമരാമത്തുവകുപ്പ് അയച്ച കത്ത് അനുബന്ധമായി ചേര്‍ത്താണ് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ പകര്‍പ്പു നല്‍കിയിട്ടുണ്ട്. ഈ ഉത്തരവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി ഈമാസമാദ്യം ഉത്തരവിറക്കിയത്. ഉത്തരവിറക്കും മുമ്പ് ജലവിഭവവകുപ്പിനെ ബെന്നിച്ചന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് ബെന്നിച്ചന്‍ തോമസ് മരംമുറിക്ക് അനുമതി നല്‍കിയതെന്ന് അടിവരയിടുന്നതാണ് ഈ രേഖകളെല്ലാം.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
ഉത്തരവ് വിവാദമായതോടെ അത് റദ്ദാക്കുകയും ബെന്നിച്ചന്‍ തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജലവിഭവ സെക്രട്ടറി മൂന്നു യോഗങ്ങള്‍ വിളിച്ചതായും അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മരംമുറി ഉത്തരവ് പുറപ്പെടുവിച്ചതെന്നും പിന്നീട് കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ ബെന്നിച്ചന്‍ തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.
സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍
അതേസമയം, മുല്ലപ്പെരിയാര്‍ കേസ് അടുത്താഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് നീട്ടിയത്. 22ന് കേസ് വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് തമിഴ്‌നാട് മറുപടി നല്‍കിയത് ഇന്നലെ രാത്രിയാണ്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് വളരെ വൈകി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത് പരിശോധിച്ച് മറുപടി പറയാന്‍ കേരളത്തിന് സമയം ലഭിച്ചില്ല. ഇക്കാര്യം കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസ് 22ലേക്ക് കോടതി മാറ്റിവച്ചത്.












Click it and Unblock the Notifications