എംവി ഗോവിന്ദൻ എംഎൽഎ സ്ഥാനവും രാജിവെക്കുമോ? മറുപടി ഇങ്ങനെ
തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്നതിന് പിന്നാലെ എം വി ഗോവിന്ദൻ എം എൽ എ സ്ഥാനവും രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ എം എൽ എ സ്ഥാനം രാജിവെയ്ക്കുന്നതാണ് അഭികാമ്യം എന്ന നിലയ്ക്കാണ് പാർട്ടിയിലെ ചർച്ചകൾ എന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് എംവി ഗോവിന്ദൻ. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മറുപടി.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സി പി എമ്മിനെ സജ്ജമാക്കുകയെന്ന വലിയ ദൗത്യമാണ് പുതിയ പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന് മുൻപിൽ ഉള്ളത്. എം എൽ എ സ്ഥാനം കൂടി വഹിക്കുമ്പോൾ സെക്രട്ടറിയുടെ ജോലിയിൽ പൂർണമായും മുഴുകാൻ ഗോവിന്ദന് സാധിച്ചേക്കില്ലെന്നും അതിനാൽ എം എൽ എ സ്ഥാനം ഒഴിഞ്ഞേക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ.
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

എന്നാൽ എം എൽ എ സ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എം എൽ എ പദവിയിൽ തുടർന്ന് കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയാത്ത ഒരു മണ്ഡലങ്ങളും ഇല്ലെന്നും ലോക് സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടാകുന്ന മുന്നേറ്റം ബി ജെ പിയെ പുറത്താക്കുന്നതിൽ നിർണ്ണായകമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

2024 ലെ തിരഞ്ഞെടുപ്പ് നിർണായകമായിരിക്കുമെന്നും ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്കാണ് നമ്മുടെ രാജ്യം പോകുകയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ് ആർ എസ് എസ് നയിക്കുന്ന ബി ജെ പി. ഇതിന് പ്രതിരോധം എന്നത് ബി ജെ പിയെ പരാജയപ്പെടുത്തി മുന്നോട്ട് പോകണം എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1 സീറ്റ് മാത്രമാണ് പാർട്ടിക്ക് നേടാനായത്. ഇത്തവണ നല്ല രീതിയിലുള്ള വിജയം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഭരണഘടനയ്ക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിയുന്ന ജനാധിപത്യ പാർട്ടികളിൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ് സി പി എം.അതിന്റെ പ്രധാന കേന്ദ്രം കേരളമാണ്. കേരളത്തിൽ നിന്നും ലഭിക്കുന്ന ഓരോ സീറ്റും മോദി ഭരണത്തിനെതിരായ കരുത്തുറ്റ മറുപടിയായിരിക്കും. കേരളത്തിലെ സർക്കാർ ജനജീവിതത്തെ മെച്ചപ്പെടുത്തി. കേരള മോഡൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അതാണ്. ബദൽ നയങ്ങളുമായാണ് എൽ ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നത്.തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ പാർട്ടി ഏറ്റെടുത്ത് കഴിഞ്ഞു. ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications