നമോ വിചാര്‍ മഞ്ച് സിപിഎമ്മില്‍ തന്നെ
കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കലാപക്കൊടി ഉയര്‍ത്തി പുറത്ത് പോന്ന വിമതര്‍ സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ തന്നെ തീരുമാനം. ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ അവസാനവട്ട ചര്‍ച്ചകളും വിജയം കണ്ടില്ല. ജനുവരി 28 ന് വൈകീട്ട് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ ലയനം പൂര്‍ണമാകും.
സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ച് മറ്റൊരു സംഘടനയെ സ്വന്തം പാര്‍ട്ടിയില്‍ ലയിപ്പിക്കുക സാധ്യമല്ല. അതുകൊണ്ട് മറ്റ് വര്‍ഗ്ഗ ബഹുജന സംഘടനകളിലായിരിക്കും നമോ വിചാര്‍ മഞ്ചിന്റെ ആളുകള്‍ക്ക് തുടക്കത്തില്‍ അംഗത്വം നല്‍കുക. പിന്നീട് തിരഞ്ഞെടുക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് മെന്പര്‍ഷിപ്പ് നല്‍കും എന്നാണ് വിവരം.

വൈകീട്ട് നടക്കുന്ന സ്വീകരണ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
അവസാന ഘട്ടത്തില്‍ മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വം അനുരഞ്ജന ചര്‍ച്ചകളുമായി രംഗത്തെത്തിയത്. ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ നമോ വിചാര്‍ മഞ്ച് നേതാക്കളായ ഒകെ വാസു മാസ്റ്ററുമായും എ അശോകനുമായും ചര്‍ച്ചകള്‍ നടത്തി. വാസു മാസ്റ്ററും സംഘവും നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വിമതര്‍ തയ്യാറായില്ലെന്നാണ് വിവരം.
ബിജെപി രക്തസാക്ഷി കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയുമായാണ് കെ സുരേന്ദ്രന്‍ വിമത നേതാക്കളെ കണ്ടതത്രെ. സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തങ്ങളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായി വാസു മാസ്റ്റര്‍ അവകാശപ്പെട്ടു. ജനതാദളിന്റെ ഭാഗത്ത് നിന്നും ഓഫര്‍ ഉണ്ടായിരുന്നുവെന്ന് വാസു മാസ്റ്റര്‍ പറഞ്ഞു. കെ സുധാകരന്‍ ഇക്കാര്യം നിഷേധിച്ചു.












Click it and Unblock the Notifications