ദേശീയപാത 66; കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ ജനുവരിയോടെ പൂർത്തിയാകും? ഏറ്റവും പുതിയ വിവരങ്ങൾ
കോഴിക്കോട്: ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ദേശീയപാത കൊയിലാണ്ടി, നന്തി ഭാഗങ്ങള്‍, കൊയിലാണ്ടി പഴയ ബൈപ്പാസ് എന്നിവയുടെ നിര്‍മ്മാണം സമാന്തരമായി നടത്തി ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു. ദേശീയപാത നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ദേശീയപാത വടകര റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പന്തീരാങ്കാവ് ടോള്‍ പ്ലാസ ഭാഗത്തെ സ്ലിപ് റോഡ്, പാനത്ത് താഴം മേല്‍പ്പാത, പാച്ചാക്കില്‍-മലാപ്പറമ്പ് സര്‍വീസ് റോഡ്, ദേശീയ പാതയിലെ വിവിധ റീച്ചുകള്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗതാഗതപ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പനാത്ത്താഴം മേല്‍പ്പാതയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വവകുപ്പ് തയ്യാറാക്കി നല്‍കിയതായി മന്ത്രി അറിയിച്ചു. പാച്ചാക്ക്-മലാപ്പറമ്പ് സര്‍വീസ് റോഡിലെ പ്രശ്‌നം ജനുവരി രണ്ടാം വാരത്തോടെ പരിഹരിക്കാന്‍ ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ എല്ലാ ആഴ്ചകളിലും ദേശീയപാത അതോറിറ്റിയുമായി അവലോകന യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി.

ജില്ലയിലെ ടൂറിസം പദ്ധതികളുടെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി നിർദേശിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ബഷീര്‍ ദിനത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ ടൂറിസം വികസനം, കടലുണ്ടി-കല്ലംപാറ പാലം ഫുഡ് സ്ട്രീറ്റ്, സരോവരം ബയോപാര്‍ക്ക് നവീകരണം, മാലിക് ദിനാര്‍ മസ്ജിദ് നവീകരണം, മാനാഞ്ചിറ ഫൗണ്ടന്‍ നിര്‍മാണം, തളി ക്ഷേത്രം ഫസാഡ് ലൈറ്റിങ്, ശ്രീകണ്ഡേശ്വരം ക്ഷേത്രം സൗന്ദര്യവത്കരണം, കടലുണ്ടി ഫ്ളോട്ടിങ് റെസ്റ്റോറന്റിനായി റിവര്‍ ഫ്രണ്ട് വികസനം, നല്ലൂര്‍ ശിവക്ഷേത്രം നവീകരണം, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിട നിര്‍മാണം, മാനാഞ്ചിറ-അന്‍സാരി പാര്‍ക്ക് വികസനം തുടങ്ങി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.
ഏറ്റെടുത്ത പദ്ധതികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് കരാറെടുത്ത യു.എല്‍.സി.സി.എസ് പ്രതിനിധികള്‍ അറിയിച്ചു. ജില്ല കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖില്‍ദാസ്, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications