സമരക്കാര്‍ പുറത്തുള്ളവരോ? ദേശീയ പാതയില്‍ കൊമ്പുകോര്‍ത്ത് ജലീലും കുഞ്ഞാലിക്കുട്ടിയും
മലപ്പുറം: ദേശീയ പാതാ വികസനത്തിനെതിരെ നടക്കുന്ന സമരത്തെ ചൊല്ലി മന്ത്രി കെടി ജലീലും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍. ദേശീയ പാതാ വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണെന്നാണ് മന്ത്രി കെടി ജലീല്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ സത്യം അറിയണമെങ്കില്‍ മന്ത്രിമാര്‍ നേരിട്ടെത്തി പരിശോധിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചു.
മലപ്പുറത്തെ ദേശീയ പാതാ വികസനത്തിനെതിരേ സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നഷ്ടം സഹിക്കാതെ ഒരു പദ്ധതിയും ലോകത്ത് സാധ്യമായിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ജലീല്‍ പറഞ്ഞു.
ദേശീയപാത യാഥാര്‍ഥ്യമായാല്‍ ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ സര്‍ക്കാരിനെ അഭിനന്ദിക്കും. പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പാതകമായി മാറും. പാതകത്തിന് കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കില്ലെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ വാക്കുകള്‍ക്കെതിരെയാണ് കുഞ്ഞാലിക്കുട്ടി എംപി രംഗത്തുവന്നത്. സമരം ചെയ്യുന്നത് നാട്ടുകാരാണോ പുറത്തുനിന്നുള്ളവരാണോ എന്നറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഭൂവുടമയുടെ സമ്മതമില്ലാതെ സ്ഥലം കൈയ്യേറുന്നത് കുറ്റകരമാണ്. അടിച്ചൊതുക്കി ഏറ്റെടുക്കാമെന്നത് അംഗീകരിക്കാനാകില്ല. പോലീസിനെ ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നു. ഇതംഗീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ പാതാ വിരുദ്ധ സമരത്തെ കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications