നെഹ്‌റു ട്രോഫി വള്ളം കളി: ജലരാജാവ് കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; കപ്പില്‍ മുത്തമിട്ടു
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തിൽ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാൽ. തുടർച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തി ബോട്ട് ക്ലബ്.

വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമായി ഫിനിഷ് ചെയ്തു.
വൈകീട്ട് 3. 24 ഓടെയാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകീട്ടാണ് ഫൈനൽ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. ഹീറ്റ്സ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്ത നാല് ടീമികളാണ് ഫൈനലിൽ മത്സരിച്ചത്. കാരിച്ചാൽ, വിയപുരം, നിരണം, നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കന്റുകൾക്ക് പിന്തള്ളിയാണ് വിജയം.
ഒന്നാം ഹീറ്റ്സിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാമതെത്തി, രണ്ടാം ഹീറ്റിസിൽ പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യു ബി സി കൈനകരിയുടെ തലവടി ചുണ്ടനും നാലാം ഹീറ്റ്സിൽ വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.
ഒന്നാം ലുസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.കേരളത്തിലെ പ്രധാന ജലമേളകളിൽ ഒന്നാണ് നെഹ്റു ട്രോഫി വള്ളം കളി. ആലപ്പുഴയിലെ പുന്നമടക്കായലിൽ വർഷത്തിൽ ഒരിക്കൽ ആണ് വള്ളം കളി നടക്കുക. ഓഗസ്റ്റ് മാസം രണ്ടആം ശനിയാഴ്ചയാണ് സാധാരണയായി നടക്കാറുള്ളത്. ഇത്തവണ വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
ഇത്തവണ 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. രാവിലെ പതിനൊന്ന് മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് നടന്നു. ഉച്ചയ്ക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റസ് നടന്നു. നിരവധി ആളുകളാണ് മത്സരം കാണാൻ എത്തിയത്.


Click it and Unblock the Notifications