കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നവില്‍ മാത്രമല്ല, നിലമ്പൂരിലും ഉണ്ട് സ്വര്‍ണം

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ഉത്തര്‍ പ്രദേശിലെ ഉന്നവില്‍ സ്വര്‍ണമുണ്ടെന്ന് ഒരു സ്വാമി സ്വപ്‌നം കണ്ടപ്പോഴേക്കും ആര്‍ക്കിയോളജി വിഭാഗം അവിടെ ഖനനം തുടങ്ങി. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തിലും അത്യാവശ്യം സ്വര്‍ണ നിക്ഷേപമൊക്കെ ഉണ്ട് എന്ന കാര്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

പക്ഷേ ഒരു കാര്യമുണ്ട് കെട്ടോ... ആര്‍ക്കിയോളജിക്കാര് വന്നാലൊന്നും നമ്മുടെ സ്വര്‍ണം കുഴിച്ചെടുക്കാന്‍ പറ്റില്ല. ഇത് സ്വര്‍ണം കട്ടിയാക്കി, നിധിയായി സൂക്ഷിച്ചിരിക്കുന്നതൊന്നും അല്ല. നല്ല പ്രകൃതിദത്തമായ സ്വര്‍ണ ശേഖരമാണ്. ഖനനം നടത്തി സംസ്‌കരിച്ചെടുക്കുക തന്നെ വേണം.

കേരളത്തില്‍ മലബാര്‍ മേഖലയിലെ മലയോരങ്ങളില്‍ വ്യാപകായി സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. 1993-94 കാലഘട്ടത്തില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ നിലമ്പൂരിലെ മരുത ഭാഗത്ത് 250 ഹെക്ടര്‍ വനഭൂമിയില്‍ വലിയ തോതിലുള്ള സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരുന്നു. തുടര്‍ പഠനങ്ങള്‍ക്കും മറ്റുമായി അന്ന് തന്നെ ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതുമാണ്. പക്ഷേ ആ പണവും പഠനവും പിന്നെ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല.

മരുതയിലെ മണ്ണ് സംസ്ഥാനത്തെ ഏറ്റവും സ്വര്‍ണ സാന്നിധ്യമുള്ള മണ്ണാണ്. മരുതയിലെ മണ്ണില്‍ സ്വര്‍ണമുണ്ടെന്ന് ആദ്യം തന്നെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നെ മരം കൊണ്ടുള്ള മരവി എന്ന ഉപകരണം സ്വര്‍ണം ഊറ്റിയെടുക്കാന്‍ മാത്രം ഇവിടത്തുകാര്‍ നിര്‍മിച്ചു. കാട് കയറി മഴവെള്ളച്ചാലുകളില്‍ നിന്നായിരുന്നു ആദ്യം സ്വര്‍ണം ഊറ്റിയിരുന്നത്. പിന്നെ കൃത്രിമമായി ചാലുകള്‍ ഉണ്ടാക്കി സ്വര്‍ണം അരിച്ചെടുക്കാന്‍ തുടങ്ങി. ഈ സ്വര്‍ണം വാങ്ങാന്‍ പിന്നെ മാര്‍വാഡികള്‍ മല കയറി വന്നു.

മരുതയിലെ വെള്ളാരങ്കല്ലുകളിലും ഉണ്ടായിരുന്നു സ്വര്‍ണ സാന്നിധ്യം. സ്ത്രീകളും കുട്ടികളും വെള്ളാരങ്കല്ലുകള്‍ പെറുക്കിയെടുത്ത് ഇടിച്ച് പൊടിച്ച് സ്വര്‍ണം അരിച്ചെടുത്തിരുന്ന ഒരു കാലവും മരുതക്ക് ഉണ്ടായിരുന്നുവത്രെ.

1960 കളില്‍ തുടങ്ങിയതായിരുന്നു ഈ സ്വര്‍ണം ഊറ്റിയെടുക്കല്‍ പിന്നെ അത് വലിയ തോതില്‍ ആയപ്പോള്‍ പരിസ്ഥിതിക്ക് വലിയ കോട്ടം സംഭവിച്ചുതുടങ്ങി. മലയിലുണ്ടാക്കിയ ചാലുകളിലൂടെ മണ്ണൊലിച്ചുവന്ന് മലയടിവാരത്തിലെ കൃഷിയിടങ്ങള്‍ നിറഞ്ഞു. അതോടെ പ്രതിഷേധവും ഉയര്‍ന്നു. അനധികൃതമായ ഈ സ്വര്‍ണ ഖനനം 1991 ല്‍ സര്‍ക്കാര്‍ നിരോധിച്ചു. എങ്കിലും ഇതിനകം തന്നെ സ്വര്‍ണം ഊറ്റി ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഈ മേഖലയില്‍ കുറവല്ല.

അട്ടപ്പാടി, വയനാട്, നിലമ്പൂര്‍ മേഖലകളിലായി പതിനായരം കോടി രൂപയുടെ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് ഇപ്പോഴും വിലയിരുത്തല്‍. പക്ഷേ കാട് കളഞ്ഞിട്ട് ഒരു സ്വര്‍ണവും വേണ്ട എന്ന നിലപാടിലാണ് പണ്ട് മുതലേ നമ്മുടെ വനം വകുപ്പ്. ഇപ്പോള്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും കൂടി വന്നതോടെ മല തുരന്നുള്ള സ്വര്‍ണമെടുപ്പ് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന് ഉറപ്പായി.

English summary
The forest area of Malabar is having a treasure of gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X