Get Updates
Get notified of breaking news, exclusive insights, and must-see stories!

Nilambur Result: അന്‍വറിന്റെ ഒറ്റയടി; കിട്ടിയത് പിണറായിയ്ക്ക് മാത്രമല്ല, സതീശനും.. ഇനിയെന്ത്?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ വിജയം കൊയ്തത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തെങ്കിലും താരമായത് പിവി അന്‍വര്‍. സിപിഎമ്മിനോട് കലഹിച്ച് എംഎല്‍എ സ്ഥാനം രാജി വെച്ച പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ മിക്കവരും എഴുതി തള്ളിയിരുന്നു. സിപിഎമ്മിനോടും പിണറായി വിജയനോടും ആണ് തന്റെ പോരാട്ടം എന്ന പ്രഖ്യാപിച്ച അന്‍വര്‍ പക്ഷെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി താന്‍ നിര്‍ദേശിക്കുന്ന ആളായിരിക്കണം എന്നായിരുന്നു അന്‍വറിന്റെ ഡിമാന്‍ഡ്. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എട്ട് തവണ നിലമ്പൂരിന്റെ എംഎല്‍എയായ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയായിരുന്നു നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.

pv anvar

ഇതോടെ യുഡിഎഫിന് 'നിരുപാധിക' പിന്തുണ പ്രഖ്യാപിച്ച് വന്ന അന്‍വര്‍ ഇടയാന്‍ തുടങ്ങി. മുസ്ലീം ലീഗ് അടക്കമുള്ളവര്‍ അന്‍വറിന് വേണ്ടി യുഡിഎഫില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് സംവിധാനത്തോട് വിലപേശാന്‍ അന്‍വറിനെയെന്നല്ല ആരേയും അനുവദിക്കില്ല എന്നതായിരുന്നു സതീശന്റെ നിലപാട്.

നിലമ്പൂരില്‍ അന്‍വര്‍ സ്വാധീനശക്തിയല്ല എന്ന് വരെ സതീശന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ഇന്ന് ഫലം പുറത്ത് വരുമ്പോള്‍ അന്‍വര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഒരേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കനത്ത തിരിച്ചടി നല്‍കുന്നതാണ് പിവി അന്‍വറിന്റെ മുന്നേറ്റം. നിലമ്പൂരില്‍ ബിജെപിക്കും മുകളിലാണ് അന്‍വറിന്റെ പ്രകടനം.

മാത്രമല്ല ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ട് നേടാനും അന്‍വറിനായിട്ടുണ്ട്. അന്‍വറിനെ വില കുറച്ച് കണ്ട സതീശനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ് ഇത്. യുഡിഎഫിന്റെ പല വോട്ടുകളും അന്‍വര്‍ പെട്ടിയിലാക്കിയിട്ടുണ്ട്. സ്വന്തം കോട്ടയായ വഴിക്കടവില്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തെ പിടിച്ച് നിര്‍ത്തിയത് അന്‍വറിന് ലഭിച്ച വോട്ടുകളാണ്.

അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചു എന്ന് പറഞ്ഞ സതീശന് ഇനി അത് തുറന്ന് കൊടുക്കേണ്ടി വരും എന്നുറപ്പാണ്. അതിനുള്ള ആദ്യ വെടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പൊട്ടിച്ച് കഴിഞ്ഞു. അടച്ച വാതില്‍ തുറക്കാന്‍ താക്കോല്‍ മതി എന്നായിരുന്നു അന്‍വറിന്റെ പ്രകടനത്തിന് പിന്നാലെ സണ്ണി ജോസഫ് പറഞ്ഞത്.

സണ്ണി ജോസഫിനും മുന്‍ പ്രസിഡന്റ് കെ സുധാകരനും അന്‍വറിനെ സഹകരിപ്പിക്കണം എന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. മുസ്ലീം ലീഗും ഇതേ നിലപാടില്‍ തന്നെ ആയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച സതീശന്റെ ഒറ്റ പിടിവാശിയിലാണ് അന്‍വറിനെ പുറത്ത് നിര്‍ത്തിയത്. അതിനാല്‍ സ്വതന്ത്രനായി നിന്ന് 19000 ത്തിലേറെ വോട്ട് നേടിയ അന്‍വറിനെ അവഗണിക്കാന്‍ ഇനി സതീശന് സാധിച്ചെന്ന് വരില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ അന്‍വറിനെ ഒപ്പം ചേര്‍ത്തണം എന്ന് തന്നെയാണ് മുസ്ലീം ലീഗിന്റേയും നിലപാട്. തന്റെ പോരാട്ടം പിണറായിസത്തോടാണ് എന്ന് പറഞ്ഞതിനാല്‍ നേരത്തെ പറഞ്ഞ സതീശനിസം മയപ്പെടുത്താന്‍ അന്‍വറും തയ്യാറായേക്കും. അതിനുള്ള ആദ്യപടിയെന്നോണമാണ് താന്‍ എല്‍ഡിഎഫ് വോട്ടുകളാണ് പിടിച്ചെടുത്തത് എന്ന് അന്‍വര്‍ പറയാന്‍ കാരണവും.

അതേസമയം പിണറായി വിജയനെ സംബന്ധിച്ചിടത്തോളവും അന്‍വറിന്റെ പ്രകടനം തിരിച്ചടിയാണ്. പിണറായി വിജയനേയും മുഹമ്മദ് റിയാസിനേയും വ്യക്തിപരമായി ആക്രമിച്ചായിരുന്നു അന്‍വറിന്റെ പ്രചരണവും പ്രസംഗവും. അത്തരമൊരാളെ നേരിടാന്‍ എം സ്വരാജ് എന്ന മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് പോലും പാര്‍ട്ടി കോട്ടകളില്‍ വോട്ട് ചോര്‍ന്നു എന്നത് സംസ്ഥാന സര്‍ക്കാരിനോടുള്ള വികാരമാണ് എന്നാണ് വിലയിരുത്തല്‍.

പോത്തുകല്ല് പോലുള്ള ഉറച്ച കോട്ടകളില്‍ ലീഡ് നഷ്ടപ്പെട്ടതും കരുളായിയും അമരമ്പലത്തും ലീഡ് കുറഞ്ഞതും ചൂണ്ടുന്നത് ഈ വിലയിരുത്തലിലേക്ക് തന്നെയാണ്. ഷൗക്കത്ത് വിജയിക്കുന്നതിനൊപ്പം അന്‍വര്‍ 20000 ത്തോളം വോട്ട് പിടിക്കുന്നത് ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നതില്‍ സംശയമൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+