ഇത് കിട്ടുണ്ണിയേട്ടന്റെ ബമ്പറല്ല, ശരിക്കും ഓണം ബമ്പര്‍, 6 സുഹൃത്തുക്കള്‍ കോടീശ്വരന്‍മാരായത് ഇങ്ങനെ
Recommended Video
കരുനാഗപ്പള്ളി: കിലുക്കം സിനിമയില്‍ കാമധേനുവിന്റെ ഫലം വന്നപ്പോള്‍ കിട്ടുണ്ണിയേട്ടന് ലോട്ടറി അടിച്ച കഥ നമുക്കെല്ലാവര്‍ക്കും അറിയാം. അത് വലിയ തമാശയായിരുന്നു. എന്നാല്‍ അതിനെ വെല്ലുന്ന യഥാര്‍ത്ഥ സംഭവമാണ് ഇത്തവണ ഓണര്‍ ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ നടന്നത്. ആറ് സുഹൃത്തുക്കള്‍ക്കാണ് 12 കോടിയായ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നെഞ്ചിടിപ്പോടെയാണ് ഇവര്‍ ഓരോ നമ്പറും വായിച്ചത്.

കരുനാഗപ്പള്ളിയിലെ ആറ് ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റെംജിന്‍, രാജീവന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ടിഎം 160869 നമ്പര്‍ ടിക്കറ്റിനാണ് 12 കോടി ലഭിച്ചത്. ശിവകുട്ടിയെന്ന ഏജന്റിലൂടെ ടിക്കറ്റെടുക്കുമ്പോള്‍ ഇത്ര വലിയൊരു തുക ലഭിക്കുമെന്ന് ഇവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 12 കോടിയുടെ സമ്മാനം ലഭിച്ചവര്‍ക്ക് നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ലഭിക്കുക.
കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ സെയില്‍സ്മാന്‍മാരാണ് ബമ്പറടിച്ച ആറ് പേര്‍. ആദ്യത്തെ ആറക്കം വായിക്കുന്നത് വലിയ ഞെട്ടല്‍ ഇല്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അവസാനത്തെ രണ്ടക്കം കേട്ടപ്പോള്‍ അന്തം വിട്ട് പോയെന്ന് ഇവര്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ഇവര്‍ കൂട്ടായി ടിക്കറ്റ് വാങ്ങിയത്. ബമ്പര്‍ അടിച്ചതിന്റെ ഞെട്ടല്‍ മാറിയതിന് പിന്നാലെയാണ് ഇവര്‍ കൂട്ടത്തോടെ ഒരു ഫോട്ടോ എടുത്തത്. പിന്നില്‍ ജീവിതം മാറ്റി മറിച്ച് ലോട്ടറിയുടെ പടവും.
തങ്ങള്‍ക്ക് കിട്ടിയ തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് ഈ കൂട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് അഭിനന്ദനപ്രവാഹമാണ് തുടര്‍ച്ചയായി വന്ന് കൊണ്ടിരിക്കുന്നത്. അതേസമയം രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ പത്ത് പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പത്ത് കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. ഇത്തവണ ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് 29 കോടി രൂപയാണ് വരുമാനമായി കിട്ടിയത്.












Click it and Unblock the Notifications