വിദ്യാര്‍ഥി സ്‌കൂളില്‍ കൊണ്ടുവന്നത് മുത്തച്ഛന്റെ തോക്ക്; നിയമ നടപടി ഉണ്ടാകുമെന്ന് പോലീസ്
പാലക്കാട് സ്‌കൂളിലെ വെടിവെപ്പ് സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടിയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ നിന്ന് തോക്ക് കൊണ്ടുവന്നത് എന്ന് പോലീസിന് ബോധ്യമായി. ഒരു തവണ കാഞ്ചി വലിച്ചെങ്കിലും വെടിപൊട്ടിയെന്ന് ഇവര്‍ക്ക് മനസിലായിരുന്നില്ല. രണ്ടാമത് കാഞ്ചി വലിച്ചപ്പോഴാണ് സഹപാഠിയുടെ കൈക്ക് വെടിയേറ്റത്.
പരിക്കേറ്റ കുട്ടിയെ വെടിയുണ്ട നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വേണ്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഏറെ കാലമായി. ഒരു മാസം മുമ്പ് അച്ഛനും മരിച്ചിരുന്നു. അമ്മ അറിയാതെയാണ് പഴയ തോക്ക് സഹപാഠികളെ കാണിക്കാന്‍ സ്‌കൂളില്‍ കൊണ്ടുവന്നത്. സംഭവം ഉണ്ടായ ഉടനെ പോലീസ് സ്ഥലത്തെത്തി തോക്ക് പരിശോധനയ്ക്ക് വിധേയമാക്കി.

പരുതൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. വെടിവെച്ച കുട്ടിയെയും സഹപാഠികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് മനപ്പൂര്‍വം വെടിയുതിര്‍ത്തതല്ല എന്ന് വ്യക്തമായത്. എങ്കിലും നിയമപരമായ നടപടികളുണ്ടാകുമെന്ന് തൃത്താല പോലീസ് അറിയിച്ചു. വീട്ടുകാര്‍ക്കെതിരെയും കുട്ടിക്കെതിരെയും നടപടിയുണ്ടാകും. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.
നാടന്‍ രീതിയില്‍ നിര്‍മിച്ച റിവോള്‍വര്‍ ആണ് കുട്ടി സ്‌കൂളില്‍ കൊണ്ടുവന്നത്. രണ്ട് തവണ മാത്രമാണ് വെടിയുതിര്‍ത്തത്. ബാക്കി ഉണ്ടകള്‍ തോക്കില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പഴയ തോക്കാണ് എന്ന് പോലീസിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചു.




Click it and Unblock the Notifications
