ജാതകം, വിഷക്കുപ്പി, ആൽബം; ഗ്രീഷ്മയുടെ കുറ്റം തെളിയിക്കാൻ നിർണായകമായ തെളിവുകൾ..
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ചെയ്ത കുറ്റം തെളിയിക്കാൻ നിർണായകമായത് പോലീസ് ശേഖരിച്ച തെളിവുകൾ. ആദ്യ ഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പോലീസ് സംഘമടക്കമുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. പോലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കുറ്റം ചെയ്യാനുള്ള പ്രേരണ എന്താണ് എന്നത് പ്രധാനമായിരുന്നു. സൈനികനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചത്. ഇത് കണ്ടെത്താൻ ആദ്യ ഘട്ടത്തിൽ തന്നെ കഴിഞ്ഞു. വിവാഹ നിശ്ചയം നടന്നുവെന്നത് കോടതിയിൽ തെളിയിക്കേണ്ടിയിരുന്നു.

ഗ്രീഷ്മയുടെ ജാതകം അടക്കം കോടതിയിൽ തെളിവായി ഉപയോഗിച്ചു. ആദ്യ ഘട്ടത്തിൽ ഇതെല്ലാം പോലീസ് ശേഖരിച്ചിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സെനികന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുകയും ആൽബം അടക്കം ശേഖരിക്കുകയും ചെയ്തിരുന്നു.
വിഷം വാങ്ങിയ സ്ഥലത്ത് പോയി പ്രതിയുമായി തെളിവെടുത്തു. കൊലപാതകത്തിന് ശേഷം വിഷക്കുപ്പി ഒളിപ്പിച്ച സ്ഥലത്ത് മൂന്നാം പ്രതിയുമായി ചെന്ന് കുപ്പി കണ്ടെത്താൻ കഴിഞ്ഞു. കുപ്പിക്ക് മുകളിലെ ലേബൽ ഇളക്കി കളഞ്ഞിരുന്നു. അതും കണ്ടെടുത്തിരുന്നു. പൊളിഞ്ഞ് കിടന്ന ലേബൽ വിഷക്കുപ്പിയുടേത് തന്നെയെന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞു. ഇതെല്ലാം കോടതിവിധി അനുകൂലമാകാൻ കാരണം ആയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേ സമയം, ഷാരോണെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ ശിക്ഷ നാളെ വിധിക്കും. 2022 ഒക്ടോബർ 14 ന് ആയിരുന്നു കഷായം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിന് പിന്നാലെ ഷാരോണിനെ ആശുപത്രിയിൽ കൊണ്ടുപോയത്. 11 ദിവത്തിന് ശേഷം ഷാരോൺ മരണപ്പെട്ടു.
2021 ഒക്ടോബർ മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022 മാർച്ച് നാലിന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ബന്ധത്തിൽ നിന്ന് ഷാരോൺ പിന്മാറിയില്ല. ഇതിന് പിന്നാലെയാണ് ഗ്രീഷ്മ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.
ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ കുടിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും അന്ന് ഷാരോണ‍് രക്ഷപ്പെട്ടു. പിന്നീടാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കീടനാശിനി കലർത്തിയ കഷായം നൽകിയത്. 11ാം ദിവസം ഷാരോൺ മരണപ്പെട്ടു.












Click it and Unblock the Notifications