മത്തായിയെ കാട്ടിലെത്തിച്ച് വെള്ളത്തിൽ മുക്കിക്കൊന്നു:വനംവകുപ്പിനെതിരെ കുടുംബം
പത്തനംതിട്ട: കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിനെതിരെ മത്തായിയുടെ കുടുംബം. മത്തായിയുടെ മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. സിസിടിവി തകർത്തെന്ന് ആരോപിച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ മണിക്കൂറുകൾക്കുള്ളിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളത്തിൽ മുക്കിക്കൊന്നു
കുടപ്പന പടിഞ്ഞാറെ ചെരുവിൽ പിപി മത്തായിയെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാണ് സഹോദരൻ ഉന്നയിക്കുന്ന ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥർ മത്തായിയുടെ അമ്മയെ തള്ളിയിട്ടതായും സഹോദരൻ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറയുന്നു. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആത്മഹത്യയല്ല കൊലപാതകം
മത്തായി ആത്മഹത്യ ചെയ്തതാണെന്നുള്ള റിപ്പോർട്ട് തള്ളിക്കളഞ്ഞ് കുടുംബം തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഭർത്താവിനെ വനംവകുപ്പ് ഉദ്യോസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചിട്ടുണ്ട്. നീതി ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ദിവസം പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയായെങ്കിലും മൃതദേഹം സംസ്കരിക്കാതെ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Recommended Video

സിസിടിവി നശിപ്പിച്ചെന്ന്
കുടപ്പനയിലെ കടുവാ നിരീക്ഷണത്തിനായി വനംവകുപ്പ് സ്ഥാപിച്ച സിസിടിവികൾ തകർത്തുവെന്നം ഫാമിലെ മാലിന്യം വനത്തിൽ നിക്ഷേപിക്കുന്നുവെന്നും ആരോപിച്ചാണ് വനംവകുപ്പിന്റെ നടപടി. മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് അധികൃതരാണെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെത്തിയ വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തത്. ഏഴ് മണിയോടെ മത്തായിയുടെ കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെങ്കിലും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളൊന്നുമില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം മത്തായിയുടെ കൈയ്ക്ക് സംഭവിച്ച ഒടിവ് കിണറ്റിൽ വീണപ്പോൾ സംഭവിച്ചാതാവാമെന്നാണ് നിഗമനം. മൂക്കിൽ നിന്ന് രക്തം ഒലിച്ചതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്തിയിരുന്നു.

മൃതദേഹം സംസ്കരിക്കില്ല
വെള്ളിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഇതിനിടെയാണ് ബന്ധുക്കൾ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

മത്തായിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല
ചിറ്റാർ വനംവകുപ്പ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മത്തായിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വരാനാണ് ഉദ്യോഗസ്ഥർ ബന്ധുക്കളോട് നിർദേശിച്ചത്. ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ മത്തായിയെ തെളിവെടുപ്പിനായി കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മത്തായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിൽ വീണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മത്തായിയെ രക്ഷിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മുങ്ങിയെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം.












Click it and Unblock the Notifications