'ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് കള്ളന് കാണിക്ക നൽകുന്നതിന് തുല്യം', രമേശ് ചെന്നിത്തല
ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. പത്ത് വർഷക്കാലം നാട്ടിലെ ചെറുപ്പക്കാരെ വഞ്ചിച്ച ടീകോമിനെതിരെ നടപടി എടുക്കുന്നതിന് പകരം അവർക്ക് അങ്ങോട്ട് ഖജനാവിൽ നിന്ന് പണം കൊടുക്കുന്ന നടപടി അംഗീകരിക്കാനാകല്ല.ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
'സ്മാർട്ട് സിറ്റി ടികോമിന് നൽകുന്ന കോമ്പൻസേഷൻ കള്ളന് കാണിക്ക നൽകുന്നതിന് തുല്യം. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതിയിലെ വ്യവസ്ഥകൾ അട്ടിമറിച്ചത് എങ്ങനെയാണ്? 90,000 പേർക്ക് തൊഴിൽ നൽകുമെന്ന വ്യവസ്ഥ ലംഘിച്ച ടീകോമിന് എതിരെ എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിച്ചില്ല, കരാർ ലംഘനം നടത്തിയ ടികോമിന് എതിരെ നടപടി എടുക്കാതെ കോമ്പൻസേഷൻ നൽകുന്നത് എന്തിനാണ്', അദ്ദേഹം ചോദിച്ചു.

ടികോമിന്റെ ഡയറക്ടർ ആയിരുന്ന ബാജു ജോർജ് ആ കമ്പനിക്ക് നഷ്ടപരിഹാരം നൽകുന്ന കമ്മിറ്റിയിൽ എങ്ങനെ എത്തിയെന്ന് സർക്കാർ മറുപടി നൽകണം. കഴിഞ്ഞ പത്തുവർഷമായി 90,000 പേർക്ക് തൊഴിലും നൽകാതെ 246 ഏക്കർ ഭൂമി നഷ്ടപ്പെടുത്തിയ കമ്പനിക്ക് എന്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ചോദിച്ചു.
ഒന്നും ചെയ്യാത്ത ടീകോം കമ്പനിക്ക് എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. '2011 ൽ കരാർ വെച്ചിട്ട് ഇപ്പോൾ 2024 ൽ പറയുകയാണ് ആ കമ്പനിക്ക് ഒന്നും ചെയ്യാനാകില്ലെന്ന്. ഇവരുടെ സർക്കാര് തന്നെയല്ലേ കരാർ വെച്ചത്. എട്ട് കൊല്ലമായി ഇതിനെ കുറിച്ച് ആരും മിണ്ടിയില്ലല്ലോ. ഓരോ ഘട്ടത്തിലും ഇത്ര ശതമാനം ആളുകൾക്ക് ജോലി കൊടുക്കണമെന്ന് കരാർ ഉണ്ട്. ഓരോ ഫേസ് കഴിയുമ്പോഴും എന്താണ് നടന്നത്, എന്താണ് നടക്കുന്നത് എന്ന് റിവ്യൂ ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരിന് ഷെയർ ഇല്ലേ. എന്തുകൊണ്ട് കരാർ അവസാനിപ്പിക്കുന്നുവെന്ന് സർക്കാർ പറയണ്ടേ. ഒന്നും ചെയ്യാത്ത ടികോം കമ്പനിക്ക് എന്തിനാണ് നഷ്ടപരിഹരം നൽകുന്നത്. സർക്കാരിന് ഒറ്റയടിക്ക് പദ്ധതി അവസാനിപ്പിക്കുകയാണെന്ന് തീരുമാനിക്കാൻ സാധിക്കില്ല. വിശദമായ ചർച്ച ഇക്കാര്യത്തിൽ ആവശ്യമാണ്', വിഡി സതീശൻ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കള്ളക്കളിയെന്ന് മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും കുറ്റപ്പെടുത്തി. വ്യവസ്ഥ പ്രകാരം അവർ സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications