Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ?

തെരഞ്ഞെടുപ്പി​ന്റെ പിറ്റേന്നുതന്നെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ബിജെപിയിലെ അച്ഛൻ– മകൻ കോംബോ. കത്തോലിക്ക സഭക്കും അതിന്റെ മുഖപത്രമായ ദീപിക പത്രത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ആദ്യമെത്തിയത് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ് ആണ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞെന്നും സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും ഷോൺ പറഞ്ഞു.

3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ
സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നായിരുന്നു ഷോണിന്റെ ആശങ്ക. തൊട്ടുപിന്നാലെ പിതാവും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.സി. ജോർജും സഭക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തി. 'മെത്രന്മാർ ഊളത്തരംകൊണ്ട് നടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്യുന്നത്’ തുടങ്ങിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

pcgeorgeandshonegeorge

പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടിലുണ്ടായ ചോർച്ചയാണ് ഇരുവരുടെയും സഭാ വിദ്വേഷത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ക്രിസ്ത്യൻ വോട്ടുകൾ അക്കൗണ്ടിൽ വീഴുമെന്ന ബിജെപിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി നേരിട്ടതായാണ്​ സഭയുടെ നിലപാടുകളും സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സഭാ നേതൃത്വത്തിനെതിരെ പി.സി. ജോർജ് രൂക്ഷ വിമർശനമുയർത്തിയപ്പോൾ തന്നെ ബിജെപി അപകടം മടുത്തതാണ്. അന്ന് സഭയെ അനുനയിപ്പിക്കുന്ന പ്രതികരണവുമായി എത്തിയ ഷോൺ ജോർജും ഇപ്പോൾ പൊട്ടിത്തെറിക്കുകയാണ്.

പി.സി. ജോർജിനെ പോലുള്ള 'രാഷ്ട്രീയ കോമരങ്ങൾ’ കേരള രാഷ്ട്രീയത്തിന് തന്നെ മാനക്കേടാണെന്ന പ്രതികരണവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തിയത് സഭക്ക് ഇരുവരോടുമുള്ള എതിർപ്പ് തുറന്നുകാട്ടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ക്രൈസ്തവ സഭകളിലേക്ക് കൂടുതലടുക്കുന്നതിനാണ് ബിജെപി കോട്ടയം ജില്ലയിലെ അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രൈസ്തവ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയത്. ഷോണും പി.സിയും പാലായിലും പൂഞ്ഞാറിലും മത്സരിച്ചപ്പോൾ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെയാണ് ഇറക്കിയത്.

കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി
പി.സിയുടെയും ഷോണിന്റെയും മത്സരം പാലായിലും പൂഞ്ഞാറിലും ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചിരുന്നതുമാണ്. എന്നാൽ ഈ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ക്രിസ്ത്യൻ സഭകൾക്കുനേരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി രംഗത്തെത്തിയത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. സഭക്ക് വേണ്ടെങ്കിൽ സഭയെ ബിജെപിക്കും വേണ്ടെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം ഇതിൽ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പ്രസ്താവനകൾ പാർട്ടിക്ക് കനത്ത തലവേദന സൃഷ്ടിക്കുകയും ചെയ്യും. പി.സി പറഞ്ഞതുപോലെ ചില ബിഷപ്പുമാർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അടിയൊഴുക്കിനും കാരണമായിട്ടുണ്ടാവും.

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ കേന്ദ്ര സർക്കാർ മാറ്റിവെച്ചത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിനൊടുവിലാണ്. ക്രൈസ്തവ സഭകളിലേക്ക് അടുക്കാനുള്ള ശ്രമങ്ങൾക്ക് ബിൽ വിലങ്ങുതടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അജണ്ട തത്കാലത്തേക്ക് മാറ്റിവെച്ചത്. തന്റെ ശ്രമങ്ങളാണ് ഇതിന് കാരണമായതെന്നും എഫ്‌സിആർഎ നിയമം ഉടൻ കൊണ്ടുവരുമെന്നും എതിർപ്പുള്ളവർ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നുമാണ് പി.സി. ജോർജ് പറഞ്ഞവസാനിപ്പിച്ചിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പ് ഫലം പി.സിയുടെയും ഷോണിന്റെയും രാഷ്ട്രീയ ഭാവിയെയും വളർച്ചയെയും നിർണയിക്കുന്നതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പാണ് സ്വന്തം പാർട്ടിയായ കേരള ജനപക്ഷം സെക്കുലറിനെ ജോർജ് ബിജെപിയിൽ ലയിപ്പിച്ചത്. ജോർജിന് ദേശീയ നിർവാഹക സമിതി സ്ഥാനവും ഷോണിന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി നൽകുകയും ചെയ്തു.

മണ്ഡലങ്ങളിലെ സ്വന്തം സ്വാധീനവും ബിജെപിയുടെ പിന്തുണയും ഉപയോഗിച്ചുള്ള പ്രചാരണം നടത്തി കടുത്ത മത്സരമുയർത്താൻ ഇരുവർക്കും കഴിഞ്ഞിരുന്നു. കൂടുതൽ വോട്ട് ആർക്ക് ലഭിക്കമെന്ന കാര്യത്തിൽ അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയ താരതമ്യവും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+