സമരം കടുപ്പിച്ച് പി.ജി.ഡോക്ടർമാർ; സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്; ഹൗസ് സർജൻമാരും പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും. മെഡിക്കൽ കോളേജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. നേരത്തെ ആരംഭിച്ച സമരം കൂടുതൽ ശക്തമാകുമെന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കൂടുതൽ പ്രതിസന്ധിയിലാകും. അതേസമയം, സർക്കാർ നിയമനം നടത്തുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കും.
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മെഡിക്കൽ കോളജുകളിൽ എത്തിയ രോഗികൾ വലഞ്ഞു. ഒ.പികളിൽ വൻതിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് രോഗികളെ തിരിച്ചയച്ചു. ശസ്ത്രക്രിയകൾ പ്രതീക്ഷിച്ചു വന്ന രോഗികളെ പോലും അവശരായി തിരിച്ചയക്കുന്ന കാഴ്ചകളാണ് മെഡിക്കൽ കോളേജുകൾക്ക് മുന്നിലുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പിയിൽ പകുതിയിൽ താഴെ ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. അത്യാഹിതവിഭാഗം അടക്കം ബഹിഷ്കരിച്ചു കൊണ്ടുള്ള പി.ജി ഡോക്ടർമാരുടെ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടാതെ, ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ, പി.ജി ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. കൊവിഡ് ഡ്യൂട്ടിയൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചാണ് ഹൗസ് സർജൻമാരും സൂചനാപണിമുടക്ക് നടത്തുന്നത്.
ഒ.പിയിലും, എമർജൻസി വിഭാഗത്തിലും, വാർഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. നിലവിൽ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ ഒ.പിയിലും, വാർഡിലും എത്തുന്ന രോഗികളെ നോക്കാൻ പോലും മതിയായ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണുള്ളത്. അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിച്ചതോടെ രോഗികൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബർ റൂം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെ ജോലികളിൽ നിന്നാണ് ഡോക്ടർമാർ മാറി നിൽക്കുന്നത്.
അതേസമയം, പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടു. നീറ്റ് പി.ജി അലോട്ട്മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.












Click it and Unblock the Notifications