വിശ്വാസത്തിന്റെ കാര്യത്തില്‍ ഇടതും വലതും ഒരേ തട്ടില്‍;ശബരിമല സ്ത്രീ പ്രവേശനം ആചാരങ്ങള്‍ക്കെതിരെന്ന്
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം ആചാരങ്ങള്‍ക്ക് എതിരാണെന്ന യുഡിഎഫ് നിലപാടുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരി മലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ഹര്‍ജിയില്‍ വാദം തുടരവെയാണ് സംസ്ഥാന സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം നിലവില്‍ തുടരാനാണ് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച ഇടത് നിലപാടിന് തീര്‍ത്തും വിരുദ്ധമാണിത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നു കാട്ടി 2008ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.

ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഭരണ ഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഭരണം മാറി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്ന സത്യവാങ് മൂലമാണ് കോടതിയില്‍ നല്‍കിയത്.
എന്നാല്‍ അധികാരം മാറി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് പിന്തുടരുന്നത്. ഈ സത്യവാങ്മൂലം ഇപ്പോള്‍ മാറ്റുന്നില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിശോധിച്ച് വേണം കേസ് പരിഗണിക്കാനെന്നുമാണ് പിണറായി സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications