'പിണറായി ആത്മാർത്ഥത ഇല്ലാത്ത ആൾ, ലക്ഷ്യം മുസ്ലീം വോട്ട് മാത്രമാണ്'; കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പിണറായി വിജയന്റെ നിലപാട് ചോദ്യം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ച് മാത്രമാണ് പിണറായി സിഎഎ വിഷയത്തിൽ സംസാരിക്കുന്നത് എന്നാണ് വിഡി സതീശന്റെ ആരോപണം. പിണറായി വിജയന് യാതൊരു ആത്മാർത്ഥ ഇല്ലെന്നും സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെ കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്നായിരുന്നു പിണറായി വിജയന്റെ ആദ്യ പ്രതികരണം. തുടർന്ന് നിരവധി പ്രതിഷേധ പരിപാടികളിൽ മുഖ്യമന്ത്രി ഈ നിലപാട് ആവർത്തിക്കുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെയാണ് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഭൂരിഭാഗം കേസുകളും സംസ്ഥാന സർക്കാർ പിൻവലിച്ചിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുക്കവേ മറ്റ് വിഷയങ്ങൾ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ് പിണറായി ദിവസവും പൗരത്വവും പറഞ്ഞു വരുന്നതെന്നും സതീശൻ വ്യക്തമാക്കി.
യുഡിഎഫ് എംപിമാർ പൗരത്വ നിയമത്തിനെതിരെ പാർലമെന്റിൽ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. സിഎഎയിൽ കോൺഗ്രസിന്റെ സമരവും പരിപാടികളും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ് പലതും അറിയാത്തതെന്നും പരിഹസിച്ചു.
എന്നാൽ കഴിഞ്ഞ ദിവസവും മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്‌ഘാടനം ചെയ്‌തു സംസാരിച്ച മുഖ്യമന്ത്രി ആർഎസ്എസിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നും നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർഎസ്എസ് കാണുന്നതെന്നും പിണറായി പറഞ്ഞിരുന്നു.
എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികളിൽ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നത്.












Click it and Unblock the Notifications