ഹര്‍ത്താല്‍: എവിടെനിന്നാണ് ഈ ചെറുപ്പക്കാരൊക്കെ ഒഴുകിയെത്തിയത്, അമ്പരന്ന് പൊലീസും നാട്ടുകാരും, വിവരങ്ങള്‍ തേടി സ്‌പെഷ്യല്‍ ബ്രാഞ്ച്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: നാഥനില്ലാത്ത ഹര്‍ത്താല്‍ വന്‍വിജയമാക്കാന്‍ എവിടെനിന്നാണ് ഈ ചെറുപ്പക്കാരെക്കൊക്കെ ഒഴുകിയെത്തിയത് എന്നറിയാതെ പൊലീസും നാട്ടുകാരും. പതിവായി കാണുന്ന മുഖങ്ങളായിരുന്നില്ല ഒട്ടുമിക്ക പ്രദേശങ്ങളിലും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തെരുവിലിറങ്ങിയത്. വലുതായി ആര്‍ക്കും പരിചയമില്ലാത്ത തണ്ടും കരുത്തുമുള്ള ചെറുപ്പക്കാര്‍ കൈയടക്കിയിരിക്കുകയായിരുന്നു ജില്ലയിലെ പല നഗരങ്ങളും മണിക്കൂറുകളോളം. ഇവരെ അന്വേഷിച്ചുള്ള പരക്കംപാച്ചലിലാണ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍.

harthalmalapuram

ഞായറാഴ്ചയാണ് ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നാഥനില്ലാ സന്ദേശം വാട്‌സാപ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലുമായി പടര്‍ന്നത്. എന്നാല്‍, ഇങ്ങനെയൊരു ഹര്‍ത്താല്‍ ഉണ്ടാവില്ല എന്നുതന്നെയാണ് പൊതുജനം കരുതിയത്. കാര്യങ്ങള്‍ ഇത്രത്തോളം കൈവിട്ടുപോകുമെന്ന് പൊലീസും കരുതിയില്ല. എന്നാല്‍, തിങ്കളാഴ്ച രാവിലെത്തന്നെ മലബാര്‍ ജില്ലകളിലെ വിവിധ ചെറുനഗരങ്ങളില്‍ യുവാക്കള്‍ കൂട്ടംകൂട്ടമായി രംഗത്തിറങ്ങിയതോടെ സ്ഥിതി മാറുകയായിരുന്നു.

കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി, ബാലുശേരി, കൊയിലാണ്ടി തുടങ്ങി ഏതാനും പ്രദേശങ്ങളിലാണ് പ്രധാനമായും രാവിലെ വഴി തടയല്‍ ഉണ്ടായത്. ആ സമയങ്ങളില്‍ മറ്റിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ബാധം ഓടിക്കൊണ്ടിരുന്നു. അതേസമയം വാഹനം ഓടിക്കൊണ്ടിരുന്ന നഗരങ്ങളില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിക്കല്‍ തുടര്‍ന്നു. കൊടുവള്ളിയിലും നാദാപുരത്തുമൊക്കെ കടകള്‍ ഏതാണ്ട് പൂര്‍ണമായും അടഞ്ഞുകിടന്നു. കുറ്റ്യാടിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസെത്തിയപ്പോള്‍ യുവാക്കള്‍ പിന്‍മാറി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. അല്‍പ്പസമയത്തിനകം പ്രതിഷേധവുമായി കൂടുതല്‍ ചെറുപ്പക്കാരെത്തി. നഗരത്തെ വിറപ്പിച്ച പ്രകടനം നടത്തി അവര്‍ കടന്നുപോയി. പൊലീസ് സംയമനത്തോടെ കാര്യങ്ങള്‍ നേരിട്ടു. എല്ലാവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി ആവശ്യമെങ്കില്‍ കേസെടുക്കാം എന്ന നിലയിലായിരുന്നു പൊലീസിന്റെ സമീപനം. ദൃശ്യങ്ങളിലെ യുവാക്കളെ പരതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍. മുട്ടന്‍ പണികിട്ടുമെന്നായതോടെ മുങ്ങി നടക്കുകയാണ് ഇപ്പോള്‍ പല ഹര്‍ത്താല്‍ അനുകൂലികളും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police and special branch watching harthal supporters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്