അസാധു നോട്ടുമായി നാലംഗ സംഘം പിടിയിൽ; പിടിച്ചെടുത്തത് കോടികൾ, സംഭവം തലപ്പാറയിൽ!
കോഴിക്കോട് ഫറൂക്ക് സ്വദേശി ഫിന്‍സിര്‍, ബാലുശ്ശേരി സ്വദേശി ഷിജിത്ത്, മലപ്പുറം സ്വദേശി ഷഹാദ്, താനൂര്‍ സ്വദേശി സലാഹുദ്ദീന്‍, എന്നിവരാണ് പിടിയിലായത്.
മലപ്പുറം: നിരോധിച്ച നോട്ടുകളുമായി നാലംഗ സംഘത്തെ പോലീസ് പടികൂടി. മലപ്പുറം തലപ്പാറയിൽ വച്ചാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ് അസാധു നോട്ടുമായി കാറിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ പിടികൂടിയത്. കോഴിക്കോട് ഫറൂക്ക് സ്വദേശി ഫിന്‍സിര്‍, ബാലുശ്ശേരി സ്വദേശി ഷിജിത്ത്, മലപ്പുറം സ്വദേശി ഷഹാദ്, താനൂര്‍ സ്വദേശി സലാഹുദ്ദീന്‍, എന്നിവരാണ് പിടിയിലായത്.
ഇരുപത്തിരണ്ട് ലക്ഷം രൂപ നല്‍കി ചെന്നൈയിൽ നിന്നാണ് നിരോധിച്ച നോട്ടുകള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോട്ടയ്ക്കലുള്ള ഏജന്റിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന നിഗമനത്തിലാണ് പോലീസ്. പ്രവാസികള്‍ക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകള്‍ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്. റദ്ദാക്കിയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾക്ക് ജൂൺ 30 വരെ പണം മാറ്റിയെടുക്കാൻ സാധിക്കും.

ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് 2017 ജൂൺ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിരുന്നത്. എന്നാൽ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. റിസര്‍വ് ബാങ്കിന്റെ സോണല്‍ ഓഫീസുകളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റീജിയണല്‍ ഓഫീസായ പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് പഴയ നോട്ടുകള്‍ മാറാന്‍ അവസരമുളളൂ. ഇതിനായി പാസ്പോർട്ട്, ഇമിഗ്രേഷൻ സ്റ്റാമ്പ്, തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ബാങ്കുകളിൽ സമർപ്പിക്കുകയും വേണം.
നോട്ട് മാറ്റിയെടുക്കുന്നയാൾ എൻആർഐ ആണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പാസ്പോർട്ട് ആവശ്യപ്പെടുന്നത്. 25000 രൂപ വരെയാണ് ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കൂ. നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി മാർച്ച് 31 വരെയായിരുന്നു. പിന്നീട് ഇത് ഡിസംബർ 31ലേയ്ക്ക് ചുരുക്കിയിരുന്നു. എന്നാൽ എൻആർഐകൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന അവസാന തീയതി ജൂൺ 30 ആണ്. ഈ ആനുകൂല്യം മുതലെടുക്കാനാണ് നിരോധിച്ച നോട്ടുകളുമായി സംഘം വന്നതെന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications