പോലീസിന് ധൈര്യം വന്നു; വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വനിത മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഇിപി ജയരാജന്‍ പ്രതിയാ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയിലെത്തിയപ്പോഴായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിപി അജിത മനോരമ ന്യൂസിലെ ജസ്റ്റിന തോമസ് എന്നീ വനിത മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത അഭിഭാഷകര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിനെ മര്‍ദ്ദിച്ചു. വിജിലന്‍സ് കോടതി ജഡ്ജി നോക്കി നില്‍ക്കെയായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന എട്ട് അഭിഭാഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അക്രമം നടന്ന ദിവസം തന്നെ സിപി അജിതയും ജസ്റ്റിന തോമസും സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജ്ജന്‍ കുമാരിന് നല്‍കിയിരുന്നു. തങ്ങളെ അക്രമിച്ചു, അസഭ്യം പറഞ്ഞു, സ്ത്രീത്വത്തെ അപമാനിച്ചു. ജോലി ചെയ്യുന്നതിന് തടസം നിന്നു എന്നിവ ആരോപിച്ചായിരുന്നു പരാതി. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജിക്കു മുമ്പാകെ നടന്ന അക്രമത്തിനെതിരെ പോലീസ് ചെറുവിരല്‍ പോലുമനക്കിയില്ല.
പോലീസും അഭിഭാഷകരും ഒത്തുകളിക്കുകയാമെന്ന ആക്ഷേപമുയരുകയും മുഖ്യമന്ത്രിയടക്കം അഭിഭാഷകര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തതോടെയാണ് കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായത്. നേരത്തെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത കേസില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ഉള്‍പ്പെടെ പത്ത് അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരുന്നു.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദനം, അസഭ്യം പറച്ചില്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അഭിഭാഷകരുടെ മര്‍ദ്ദനമേറ്റ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ പ്രഭാത് നല്‍കിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications