പിപി കിറ്റ് അഴിമതി; മുഖ്യമന്ത്രിയേയും പ്രതിചേർക്കണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പി പി കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ്
കാലത്ത് പി പി ഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്നാണ് കെകെ ശൈലജ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രി പറഞ്ഞത് ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

3 ലക്ഷം പിപി കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. 18 ലക്ഷം എൻ95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു. മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മീഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
കൂട്ടുത്തരവാദിത്തം പരിഗണിച്ച് മുഖ്യമന്ത്രിയേയും ഈ കേസിൽ പ്രതിയാക്കി വിചാരണയ്ക്ക് വിധേയനാക്കണമെന്ന് മുൻ ബി ജെ പി അധ്യക്ഷൻ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.' പി.പി.ഇ. കിറ്റ് അഴിമതിക്കേസിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ. പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി നോട്ടീസ് അയച്ചുവെന്നാണ് ലോകായുക്ത അറിയിച്ചിരിക്കുന്നത്. ഈ കേസിൽ കെ.കെ. ശൈലജ യേക്കാൾ ഉത്തരവാദിത്തമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടുത്തരവാദിത്തം പരിഗണിച്ച് മുഖ്യമന്ത്രിയേയും ഈ കേസിൽ പ്രതിയാക്കി വിചാരണയ്ക്ക് വിധേയനാക്കണം'.
'കെ.കെ. ശൈലജക്ക് കൊവിഡ് കാലത്തെ സേവനം മുൻ നിർത്തി മാഗ്സസെ പുരസ്കാരം കൊടുക്കുന്നത് പാർട്ടി വിലക്കിയെന്ന് ഒരു വാർത്ത വന്നിരുന്നു. ഈ നേട്ടം വ്യക്തിപരമല്ല എന്നും സർക്കാരിന്റ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നുമാണ് അന്ന് സി.പി.എം. പറഞ്ഞ ന്യായം. എന്നും വൈകുന്നേരങ്ങളിൽ നടത്തിയ കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി ആയിരുന്നല്ലോ നേട്ടക്കണക്കുകൾ വിശദീകരിച്ചിരുന്നത്. ശൈലജ അന്ന് നോക്കുകുത്തിയായിരുന്നുവല്ലൊ. അപ്പോൾ ഇടപാടുകളിൽ മുഖ്യമന്ത്രി ക്കായിരിക്കുമല്ലോ ഉത്തരവാദിത്തം ! അഴിമതിക്കേസിൽ ശ്രീമതി ശൈലജക്കു പങ്കുണ്ടെങ്കിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്തമുണ്ട്.
നേട്ടം കൂട്ടായിട്ടുള്ളതാവുമ്പോൾ കോട്ടത്തിലും കൂട്ടുത്തരവാദിത്തം കാണുമല്ലോ ? അതു കൊണ്ടു തന്നെ മുഖ്യമന്ത്രിയെയും ഈ കേസിൽ പ്രതിയാക്കേണ്ടത് സി.പി.എം നീതി ശാസ്ത്ര പ്രകാരമായാലും ന്യായം മാത്രം', കുമ്മനം പറഞ്ഞു.












Click it and Unblock the Notifications