വമ്പന്‍ മുന്നേറ്റവുമായി ദ്രൗപതി മുർമു: രണ്ടാം റൗണ്ടിലും ബഹുദൂരം പിന്നിലായി യശ്വന്ത് സിന്‍ഹ
ദില്ലി:രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വേട്ടെണ്ണലിലും എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയെ ബഹുദൂരം പിന്നിലാണ് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ മുന്നേറ്റം. രണ്ടാം റൗണ്ടിന് ശേഷം, ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ ബാലറ്റ് പേപ്പർ അക്ഷരമാലാക്രമത്തിൽ എണ്ണിയപ്പോള്‍ ആകെ സാധുവായ1138 വോട്ടുകളില്‍ ( വോട്ട് മൂല്യം 1,49,575) 809 ഉം മുർമുവിന് ലഭിച്ച്. 1,05,299 മൂല്യമുള്ള വോട്ടുകളാണ് ഈ ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാർത്ഥി കരസ്ഥമാക്കിയത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 44,276 മൂല്യമുള്ള 329 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോഴും യശ്വന്ത് സിൻഹയ്‌ക്കെതിരെ ദ്രൗപതി മുർമുവിന് വ്യക്തമായ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആദ്യറൌണ്ടില്‍ മുർമു 3,78,000 മൂല്യമുള്ള 540 വോട്ടുകൾ നേടി സിന്‍ഹ 1,45,600 മൂല്യമുള്ള 208 വോട്ടുകൾ കരസ്ഥമാക്കി. 15 വോട്ടുകള്‍ അസാധുവായി. പാർലമെന്റിലെ വോട്ടുകളാണ് ആദ്യ റൌണ്ടില്‍ എണ്ണിയത്.

രാവിലെ 11 മണിയോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30ന് വോട്ടെണ്ണി തുടങ്ങി. വൈകിട്ട് 4 മണിയോടെ ഫലം അറിയാം. വിജയം ഉറപ്പിച്ച ദ്രൗപതി മുര്‍മുവിനെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം തീന്‍ മുക്തി മാര്‍ഗിലുളള താല്‍ക്കാലിക വസതിയിലേക്ക് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രൗപതി മുര്‍മുവിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി വിജയാഘോഷം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വിജയാഘോഷ പ്രകടനത്തിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കും. ദില്ലിയില്‍ രാജ്പഥിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും റോഡ് ഷോ ആണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ ഉള്‍പ്പടേയുള്ള മുതിർന്ന നേതാക്കള്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
അതേസമയം, പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 727 എംപിമാരും ഒമ്പത് എംഎൽഎമാരും അടങ്ങുന്ന 736 വോട്ടർമാരില്‍ 728 പേർ (719 എംപിമാരും ഒമ്പത് എംഎൽഎമാരും) വോട്ട് ചെയ്തു. പാർലമെന്റ് ഹൗസിലെ ആകെ പോളിങ് 98.91 ശതമാനമാണ്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികളില്‍ നിന്നുള്‍പ്പടെ വലിയ പിന്തുണയായിരുന്നു മുർമുവിന് ലഭിച്ചത്. ആകെ 34 പാര്‍ട്ടികള്‍ യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ 44 പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ അറിയിച്ചത്.
സിംപിള്‍ ലുക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications