ഓണക്കാലത്ത് മലയാളികളെ പിഴിഞ്ഞ് സ്വകാര്യബസുകള്‍, അന്തർ സംസ്ഥാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്
ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍. വിമാന ടിക്കറ്റിനേക്കാള്‍ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്. ഉല്‍സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബെംഗളൂരു മലയാളികള്‍. നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളില്‍ നിന്ന് കൊള്ളലാഭമാണ് സ്വകാര്യബസുകള്‍ കൊയ്യുന്നത്. ഈമാസം ആറിന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.

കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള. ഉല്‍സവ കാലങ്ങളിലെ തോന്നുംപോലുള്ള ടിക്കറ്റ് നിരക്കുയര്‍ത്തല്‍ നിയന്ത്രിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുകയും, കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്നും ആവശ്യമുണ്ട്. അതേസമയം ഹൈദരാബാദ് ഉൾപ്പടെയുളള മറ്റ് നഗരങ്ങളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് 3000 ത്തിലധികം തുകയാണ് ഈടാക്കുന്നത്.
നിലവിൽ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ശബരി എക്സപ്രസ് മാത്രമാണ് ഉള്ളത്. ഓണക്കാലത്ത് ട്രയിൻ ടിക്കറ്റുകൾ ലഭിക്കാതായതോടെ സാധാരണക്കാർ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് ബസ് ചാർജിലെ നിരക്ക് വർധന. ട്രയിനിന് സ്ലീപ്പറിന് 590 രൂപയും 3rd എസി 1580 രൂപയും ഈടാക്കുമ്പോളാണ് ബസിന് 3500 ഓളം രൂപ ടിക്കറ്റിന് വാങ്ങുന്നത്.
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....












Click it and Unblock the Notifications